സെഞ്ച്വറിത്തിളക്കവുമായി കോഹ്ലിയും കേദാറും; ഇംഗ്ലണ്ടിന്റെ റണ്‍മല കടന്ന് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

കോഹ്ലി മത്സരത്തിനിടെ

പൂനെ: ക്യാപ്റ്റന്‍ കോഹ്ലിയും മധ്യനിര താരം കേദാര്‍ ജാദവും സെഞ്ച്വറികളുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യഏകദിനത്തില്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 351 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 48.1 ഓവറില്‍ മറികടന്നു. കോഹ്ലി 122 റണ്‍സും ജാദവ് 120 ഉം റണ്‍സെടുത്ത് ഇന്ത്യന്‍ വിജയത്തിന് നങ്കൂരമിട്ടു. ഹാര്‍ദ്ദിക് പാണ്ഡ്യ(38), അശ്വിന്‍ (15) എന്നിവരായിരുന്നു വിജയം കുറിക്കുമ്പോള്‍ ക്രീസില്‍. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ ഏകദിനത്തില്‍ തന്നെ സെഞ്ച്വറിയും വിജയവും കരസ്ഥമാക്കി കോഹ്ലി മത്സരം അവിസ്മരണീയമാക്കി. ഉജ്ജ്വല സെഞ്ച്വറിയുമായി വിജയത്തില്‍  നിര്‍ണായക പങ്ക് വഹിച്ച ജാദവ് തന്റ ഏകദിന കരിയറിലെ ആദ്യ മാന്‍ ഓഫ് ദമാച്ച് പുരസ്കാരം സ്വന്തമാക്കി

കേദാര്‍ ജാദവ് മത്സരത്തിനിടെ

63 റണ്‍സെടുക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ കോഹ്ലിയും ജാദവും ചേര്‍ന്നെടുത്ത ഇരട്ട സെഞ്ച്വറികൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്. 24.2 ഓവറില്‍ ഇരുവരും 200 റണ്‍സ് അടിച്ചെടുത്ത് കൈവിട്ട മത്സരം തട്ടിയെടുത്തു. കോഹ്ലി 105 പന്തില്‍ എട്ട് ഫോറുകളും അഞ്ച് സിക്‌സറും ഉള്‍പ്പെടെ 122 റണ്‍സെടുത്തപ്പോള്‍ ജാദവിന്റെ 120 റണ്‍സ് 76 പന്തില്‍ നിന്നായിരുന്നു. 65 പന്തില്‍ സെഞ്ച്വറി തികച്ച ജാദവ് ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ അഞ്ചാം സെഞ്ച്വറിക്ക് ഉടമയായി.

കോഹ്ലി ഏകദിനത്തിലെ ഇരുപത്തിയേഴാമത്തേയും ജാദവ് രണ്ടാമത്തേയും സെഞ്ച്വറിയുമാണ് പൂനെയില്‍ കുറിച്ചത്. 351 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. ആറോവറില്‍ 24 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ ഓപ്പണര്‍മാര്‍ രണ്ടുപേരും മടങ്ങി. നാലാമനായെത്തിയ യുവരാജ് (12) മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അത് മുതലാക്കാനാകാതെ മടങ്ങി. രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെട്ടതായിരുന്നു യുവിയുടെ ഇന്നിംഗ്‌സ്. മൂന്നിന് 56 എന്നനിലയിലേക്ക് വീണ ഇന്ത്യയെ ധോണിയും കോഹ്ലിയും രക്ഷിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല. ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷം ഇറങ്ങിയ ആദ്യ മത്സരത്തില്‍ ധോണി ആറു റണ്‍സിന് പുറത്തായി. ഇതോടെ വന്‍തോല്‍വിയാണ് ഇന്ത്യന്‍ ടീമും ആരാധകരും മുന്നില്‍ക്കണ്ടത്. എന്നാല്‍ തോല്‍വി ശീലമാക്കാന്‍ മനസില്ലാത്ത കോഹ്ലി ക്യാപ്റ്റന്റെ ഉത്തരവാദിത്വത്തോടെ മുന്നില്‍ നിന്നപ്പോള്‍ ജാദവിലേക്കും ആ ഊര്‍ജ്ജം ആവാഹിക്കപ്പെട്ടു. ഒന്നും ഇല്ലായ്മയില്‍ നന്നും ഇരുവരും ഇന്ത്യയെ വിജയത്തിന്റെ തീരങ്ങളിലേക്ക് കൈപിടിച്ച് നടത്തുകയായിരുന്നു. കോഹ്ലിയുടേയും ജാദവിന്റെയും പുറത്താകല്‍ അല്‍പം ആശങ്ക പരത്തിയെങ്കിലും പിന്നീടെത്തിയ പാണ്ഡ്യ അവസരോചിത പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

നേരത്തെ ഓപ്പണര്‍ ജാസണ്‍ റോയ് (73), ജോ റൂട്ട് (78), ബെന്‍ സ്‌റ്റോക്ക് എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ ്‌സകോര്‍ സമ്മാനിച്ചത്. 50 ഓവറില്‍ ഇംഗ്ലണ്ട് കുറിച്ചത് ഏഴുവിക്കറ്റിന് 350 റണ്‍സ്. അവസാന ഓവറുകളില്‍ സ്‌റ്റോക്‌സ് (61) നടത്തിയ മിന്നലാക്രമണമാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 300 കടത്തിയത്. 40 പന്തില്‍ നിന്നായിരുന്നു സ്റ്റോക്‌സിന്റെ 61 റണ്‍സ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top