പ്രശസ്ത ഹോളിവുഡ് നടന്‍ ജോണി ഡെപ്പും നടി ആംബര്‍ ഹെയേര്‍ഡും വിവാഹ മോചിതരായി

 ആംബര്‍ ഹെയേര്‍ഡും ജോണി ഡെപ്പും

ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടന്‍ ജോണി ഡെപ്പും നടി ആംബര്‍ ഹെയേര്‍ഡും വിവാഹ മോചിതരായി. ലോസ് ആഞ്ചലസിലെ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. മോചനദ്രവ്യം കൊടുക്കുകയില്ല എന്നു മാത്രമല്ല തന്റെ വക്കീല്‍ ഫീസും കൂടി ആംബര്‍ അടയ്ക്കണം എന്ന ഡെപ്പിന്റെ ആവശ്യം കോടതി തള്ളി.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. അന്നുമുതല്‍ക്കേ ഇരുവരും പിരിഞ്ഞു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്നാല്‍ നിയമപരമായി വേര്‍പിരിഞ്ഞത് ഇന്നലെയാണ്. വേര്‍പിരിയല്‍ കരാര്‍പ്രകാരം 7 മില്യന്‍ ഡോളറാണ് ഡെപ്പ് ആംബറിന് കൊടുക്കേണ്ടിവരിക. ഏകദേശം 48 കോടി രൂപയോളം വരുമിത്. ഈ തുക കാരുണ്യ പ്രവര്‍ത്തികള്‍ക്കായി ചിലവഴിക്കുമെന്ന് ആംബര്‍ പറഞ്ഞു.

1984 ല്‍ പുറത്തിറങ്ങിയ ‘എ നൈറ്റ്‌മേര്‍ ഓണ്‍ ഇഎല്‍എം സ്ട്രീറ്റ്’ എന്ന ചിത്രത്തിലൂടെയാണ് ജോണി ഡെപ്പ് അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് ഹോളിവുഡിലെ ജോണിഡെപ്പ് യുഗം ആരംഭിക്കുകയായിരുന്നു. 2012 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് ഡെപ്പിനെ തേടിയെത്തി. ഗോള്‍ഡന്‍ ഗ്ലോബ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച അഭിനയപ്രതിഭകളിലൊരാള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നടന്‍ സ്വന്തമാക്കി.

2004 മുതല്‍ ഹോളിവുഡില്‍ സജീവമാണ് ആംബര്‍ ഹെയേര്‍ഡ്. വളരെക്കുറഞ്ഞ കാലം കൊണ്ട്‌ മുപ്പത്തിയഞ്ചിലധികം സിനിമകളിലും ഒമ്പതു ടിവി സീരിയലുകളും ആംബര്‍ അഭിനയിച്ചുകഴിഞ്ഞു. ജോണി ഡെപ്പും ആംബര്‍ ഹെയേര്‍ഡും തമ്മില്‍ വിവാഹിതരായത് 2015 ലാണ്.

DONT MISS
Top