ഈ ബാര്‍ബര്‍ വേറെ ലെവലാ… തലയില്‍ തീയിട്ടുള്ള മുടിവെട്ട് കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന വീഡിയോ

വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍

മുടിവെട്ടില്‍ പലതരം വൈവിധ്യങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഈ ഇന്ത്യന്‍ ബാര്‍ബറുടെ സ്റ്റൈല്‍ ഒന്ന് വേറെ തന്നെ. കണ്ടാല്‍ ആരും ഞെട്ടിപ്പോകും. കാരണം കസ്റ്റമറുടെ തലയില്‍ തീയിട്ടാണ് ഇയാള്‍ മുടിവെട്ടുന്നത്. വെറുതെ പറയുന്നതല്ല, പച്ചപരമാര്‍ത്ഥം. ദാ ഈ വീഡിയോ പറയും ബാക്കികാര്യങ്ങള്‍. പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന് പറയില്ലേ അതുപോലെ… തലകത്തുമ്പോള്‍ മുടി വെട്ടുക, അത്രതന്നെ.

തന്റെ മുന്നില്‍ വന്നിരിക്കുന്ന കസ്റ്റമറുടെ തലമുടിയില്‍ ആദ്യം തീപിടിപ്പിക്കുന്ന പൊടിയും ദ്രാവകവും ചേര്‍ത്ത് തേച്ച് പിടിപ്പിക്കും. തുടര്‍ന്ന് ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കും. തലമുടിയില്‍ തീ പടര്‍ന്ന് പിടിക്കെ ചീര്‍പ്പ് ഉപയോഗിച്ച് ചീകി ശരിയാക്കി തീകെടുത്തും. രണ്ട് കൈകളും ഉപയോഗിച്ച് ചീകിയാണ് തീ കെടുത്തുന്നത്. തുടര്‍ന്ന് മുടി ചീകി ഒതുക്കി വീണ്ടും തീയിടും. കസ്റ്റമറുടെ മുടി ഷെയ്പ് ആകുന്നത് വരെ ഇത് തുടരും.


അത്യസാധാരണമായ ഈ ‘ബാര്‍ബേറിയന്‍’ സ്റ്റൈല്‍ കാണാന്‍ നിരവധി ആളുകളാണ് കടയില്‍ തടിച്ചുകൂടുന്നത്. ഈ ബാര്‍ബര്‍ ഇന്ത്യയില്‍ എവിടെയാണെന്നോ അയാളുടെ പേരോ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇത്തരം അപകടകരമായ രീതികള്‍ മുടിവെട്ടില്‍ വേണ്ട എന്നാണ് ഏവരും പറയുന്നത്.

വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍

നേരത്തെ മെഴുകുതിരി ഉപയോഗിച്ച് മുടി കത്തിച്ച ശേഷം മുടിവെട്ടുന്ന ദശരഥ് എന്ന ബാര്‍ബറുടെ കഥ പുറത്തുവന്നിരുന്നു. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിന്നായിരുന്നു ഈ വാര്‍ത്ത പുറത്തുവന്നത്.

DONT MISS
Top