“ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഒന്ന് മരിച്ചാലോ എന്ന്, ആ കോളെജില്‍ പഠിക്കുന്നത് പോലെ ദുരിതം ലോകത്ത് വേറെയില്ല”, നെഹ്‌റു കോളെജിനെതിരെ വിദ്യാര്‍ത്ഥിയുടെ ഫെയ്‌സ്ബുക്ക് ലൈവ്

ഫയല്‍ ചിത്രം

ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥിയുടെ ഞെട്ടിക്കുന്ന ആത്മഹത്യയെ തുടര്‍ന്ന് വിവാദത്തിലായിരിക്കുകയാണ് തൃശൂരിലെ നെഹ്‌റു കോളെജ്. നെഹ്റു ഗ്രൂപ്പിലുള്ള കോളെജുകള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുകയാണ്. കോളെജില്‍ നിലനില്‍ക്കുന്ന നിയമങ്ങളും മാനദണ്ഡങ്ങളും വിദ്യാര്‍ത്ഥികളെ മരണത്തിലേക്ക് നയിക്കുന്നതാണെന്ന് സയിദ് ഷമിം എന്ന വിദ്യാര്‍ത്ഥി തുറന്ന് പറയുന്നു.

ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ സയിദ് വിവരിക്കുന്നത്. കോയമ്പത്തൂരിലെ നെഹ്‌റു ആര്‍ട് കോളെജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് സയിദ്. ഫെയ്സ്ബുക്ക് ലൈവില്‍ സയിദ് പറയുന്നത് ഇങ്ങനെ.

“കോളെജിന്റെ നിയമങ്ങളും മാനദണ്ഡങ്ങളും കാരണം താനും ആത്മഹത്യയെ കുറിച്ച് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് സയിദ് പറയുന്നു. രണ്ട് മൂന്ന് ദിവസമായി നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥി മരിച്ചു എന്ന വാര്‍ത്ത കാണുന്നുണ്ട്. മരിക്കും, കാരണം അവരുടെ നിയമങ്ങളും മാനദണ്ഡങ്ങളുമാണ്. ഞാനും പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ് ഒന്ന് മരിച്ചാലോ എന്ന്. കാരണം ആ കോളെജില്‍ പഠിക്കുന്നത് പോലെ അത്രയും മോശമായ കാര്യം ലോകത്ത് വേറെയില്ല. മൂന്ന് വര്‍ഷം അടിമയെ പോലെ ആ കോളെജില്‍ പണിയെടുത്തിട്ടുണ്ട്. അടിമയെന്നും പറയാന്‍ പറ്റത്തില്ല, അതിലും ഒരു താഴെക്കിടയില്‍ ജീവിച്ചുപോയ ആളാണ് ഞാന്‍”.

“കോയമ്പത്തൂര്‍ നെഹ്‌റു ആര്‍ട് കോളെജില്‍ പഠിച്ച വിദ്യാര്‍ത്ഥിയാണ് ഞാന്‍. ഇപ്പം ഈ ലൈവ് വന്നില്ലെങ്കില്‍ ഇനി ഒരു സമയം കിട്ടിയെന്ന് വരില്ല പ്രതികരിക്കാന്‍. ഇതിന്റെ പേരില്‍ അവരെന്നെ കൊന്നോട്ടെ, എന്നാലും എനിക്ക് ഒരു നഷ്ടവും വരാനില്ല. പ്രതികരണശേഷി ഉള്ളിലൊതുക്കി കോളെജ് കാലം അവസാനിച്ച് കിട്ടാന്‍ ദിവസങ്ങള്‍ എണ്ണക്കഴിഞ്ഞ വ്യക്തായാണ് ഞാന്‍. ഇന്ന് ആ കോളെജില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മനസിലും കാണും ഒന്ന് മരിച്ചാലോ എന്ന്. കാരണം ഇത്രയും മോശമായ ഒരു കോളെജും അധ്യാപകരും ലോകത്ത് വെറെ കാണില്ല”. ഇത് വ്യക്തമാക്കാന്‍ ഒന്ന് രണ്ട് സംഭവങ്ങള്‍ സയിദ് വിശദീകരിക്കുന്നുണ്ട്.

“ക്ലാസിലേക്ക് കടന്നുവന്ന അധ്യാപകനെ നോക്കി ഗുഡ്‌മോണിംഗ് പറഞ്ഞ് ചിരിച്ച വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ കരണത്തടിച്ച് തെറി പറയുകയാണ് ചെയ്തത്. ഒരിക്കല്‍ ഒരു കൂട്ടുകാരന്റെ അച്ഛന്‍ മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം വന്ന അവനെ തോളില്‍ത്തട്ടി സ്വാന്തനിപ്പിച്ച ഒരു പെണ്‍കുട്ടിയെ തന്തയില്ലാത്ത ഒരു അധ്യാപകന്‍ ക്ലാസില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ട് പോയി. ആ കുട്ടി തിരിച്ച് വന്നത് കരഞ്ഞ് ക്ഷീണിച്ച അവസ്ഥയിലാണ്. വളരെ ചെറിയ ഒരു കാര്യത്തിനാണ് ഇത്രയും അനുഭവിക്കേണ്ടി വന്നത്. അപ്പോള്‍ ജിഷ്ണുവിന് ഇതിലും കൂടുതല്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും. അത് അവന്റെ മുഖത്തുള്ള പാടുകളില്‍ നിന്നും വ്യക്തമാകും”. സയിദ് തുറന്ന് പറയുന്നു.

DONT MISS
Top