ദ്രാവിഡിന്റെ പിറന്നാളിന് പറയാന്‍ അനുഷ്‌കയ്ക്കുമുണ്ട് ചില ഓര്‍മകള്‍; അനിയനൊപ്പം ഓട്ടോഗ്രാഫ് വാങ്ങാന്‍ പോയ അനുഭവം പങ്കുവച്ച് നടി

രാഹുല്‍ ദ്രാവിഡ്, അനുഷ്‌ക ശര്‍മ

ഇന്ത്യന്‍ ക്രിക്കറ്റുമായി ‘നേരിട്ട്’ ബന്ധമുള്ള വ്യക്തിയാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായുള്ള പ്രണയമാണ് ഈ ബന്ധത്തിന് കാരണം. ഈ ബന്ധം പിന്നീട് പലവിധ വഴികളില്‍ മുന്നോട്ട് നീങ്ങിയെങ്കിലും അനുഷ്‌ക ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധികയായി തുടര്‍ന്നു. പല കളികളും കാണാനും ടീമിനെ പിന്തുണയ്ക്കാനും നടിയെത്തിയത് വാര്‍ത്തയായി.

ഇപ്പോള്‍ രാഹുല്‍ ദ്രാവിഡിനോടുള്ള ആരാധന തുറന്നുപറയുകയാണ് അനുഷ്‌ക ശര്‍മ. അതോടൊപ്പം ഒരു പഴയകാല ഓര്‍മയും അനുഷ്‌ക പങ്കുവച്ചു. ബംഗലുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ദ്രാവിഡ് വരുന്നുണ്ടെന്നറിഞ്ഞ് അനുഷ്‌കയും സഹോദരന്‍ കര്‍ണേഷും നേരിട്ടൊന്ന് കാണുവാന്‍വേണ്ടി പോയത്രെ. ടിവിയില്‍ മാത്രം കണ്ട് പരിചയമുള്ള ഇന്ത്യന്‍ താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങുകയായിരുന്നു ഉദ്ദേശം. പിന്നീട് സംഭവിച്ചത് രസകരമായ കാര്യമാണെന്ന് അനുഷ്ക പറയുന്നു. ‘ദ്രാവിഡിനെ കണ്ടപ്പോള്‍ എന്റെ അനിയന്‍ കൈയ്യിലുള്ള ബുക്കും പേനയുമെടുത്ത് അടുത്തേക്ക് ചെന്നു. അദ്ദേഹം പേന വാങ്ങി ബുക്കില്‍ എഴുതാനാരംഭിച്ചു. ഈ സമയം മറ്റാളുകളെല്ലാം ചുറ്റും കൂടി. അവര്‍ക്കെല്ലാം ഓട്ടോഗ്രാഫ് വേണമായിരുന്നു. അങ്ങനെ പേന അദ്ദേഹത്തിന്റെ കയ്യിലായി. അവസാനം എല്ലാവരും ഓട്ടോഗ്രാഫ് വാങ്ങിക്കഴിഞ്ഞ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നാണ് പേന തിരികെ വാങ്ങിയത്”. ഇന്നലെ കഴിഞ്ഞ സംഭവം പോലെ അനുഷ്‌ക ഓര്‍ത്തെടുത്തു.

ഇന്ത്യന്‍ വന്മതില്‍ എന്നറിയപ്പെട്ട രാഹുല്‍ ദ്രാവിഡിന്റെ നാല്‍പ്പത്തിനാലാം പിറന്നാളായിരുന്നു ഇന്ന്. രാഹുലിന്റെ പല റെക്കോര്‍ഡുകളും ഇന്നും തകര്‍ക്കപ്പെടാതെ അവശേഷിക്കുന്നു. സുനില്‍ ഗാവസ്‌കര്‍ക്കും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വിവിഎസ് ലക്ഷ്മണിനുമൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസങ്ങളുടെ സ്ഥാനമാണ് ദ്രാവിഡ് പങ്കിടുന്നത്.

DONT MISS
Top