ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഉത്തരവ് റേഞ്ച് ഐജിയുടേത്

തൃശൂര്‍: പാമ്പാടി നെഹ്റു കോളെജിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് അന്വേഷണം ചുമതല. റേഞ്ച് ഐജി എംആര്‍ അജിത് കുമാറിന്റേതാണ് ഉത്തരവ്.

നേരത്തെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കുറഞ്ഞത് ഒന്നും അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ആത്മഹത്യയ്ക്ക് ഇടയാക്കിയ മാനസിക സംഘര്‍ഷത്തെക്കുറിച്ചും അതിനു കാരണക്കാരായവരെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പൊലീസിന് കൈമാറിയിരുന്നു. മൂക്കില്‍ പരുക്കേറ്റ പാട് ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ജിഷ്ണുവിന്റേത് തൂങ്ങി മരണം തന്നെയാണെന്നും സ്ഥിരീകരണമുണ്ടായി. മൃതദേഹ പരിശോധനയില്‍ മൂക്കിന് പരുക്കേറ്റിട്ടുണ്ട് എന്ന് വ്യക്തമാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ജിഷ്ണുവിന് മര്‍ദ്ദനമേറ്റു എന്ന് സഹപാഠികളും ബന്ധുക്കളും ആരോപിച്ചിരുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ക്ഷതങ്ങള്‍ ഇല്ല.

വെള്ളിയാഴ്ച്ച വൈകിട്ടാണ് പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി കോഴിക്കോട് വടകര സ്വദേശി ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിലെ ബാത്ത് റൂമിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം നടന്ന പരീക്ഷയില്‍ അടുത്തിരുന്ന വിദ്യാര്‍ത്ഥിയുടെ പേപ്പര്‍ നോക്കിയെഴുതി എന്നാരോപിച്ച് ജിഷ്ണുവിനെ അധ്യാപകര്‍ ശാസിച്ചെന്നും മാനേജ്‌മെന്റിന്റെ മാനസികമായ പീഡനമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

സംഭവത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ നേതൃത്വത്തില്‍ ഇന്നലെ കോളേജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതേ സമയം പരീക്ഷയില്‍ നോക്കിയെഴുതിയതിന് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്‌തെതെന്നും, ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top