‘തീവ്രവാദികളെ കണ്ടെത്താനുള്ള ചുമതല രാജ്‌നാഥ് സിംഗ് എഎന്‍ രാധാകൃഷ്ണനെ ഏല്‍പ്പിച്ചിരിക്കുകയാണോ?’; ബിജെപി നേതാവിന്റെ പ്രസ്താവന മതതേര കേരളത്തിന് വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിനിമാ സംവിധായകന്‍ കമലിന് തീവ്രവാദ ബന്ധമാരോപിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെതിരെ പ്രസ്താവന മതേതര കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  കമലിനെപ്പോലെ സര്‍ഗ്ഗധനനായ ഒരു കലാകാരന് മേല്‍ വര്‍ഗ്ഗീയതയുടെ മുദ്രകുത്തി  അപമാനിക്കുന്നതിലൂടെ ബിജെപിയുടെ തനിനിറമാണ് പുറത്ത് വരുന്നത്.

ജാതിമത ഭേദമന്യേ കേരളം സ്നേഹിക്കുകയും അംഗീകരിക്കുകയും  ചെയ്യുന്ന കലാകാരനാണ് കമല്‍. ഇത്തരമൊരു കലാകാരന്റെ മതേതരത്വം ചോദ്യം ചെയ്യാനൊന്നും എഎന്‍ രാധാകൃഷ്ണന്‍ വളര്‍ന്നിട്ടില്ല. ഇന്ത്യയിലെ തീവ്രവാദികളെ കണ്ടു പിടിക്കാനുള്ള ചുമതല രാജ്നാഥ് സിംഗ് എഎന്‍ രാധാകൃഷ്ണനെ ചുമതലപ്പെടുത്തിയിരിക്കുകയാണോ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാധാകൃഷ്ണന്‍ തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മലിന് തീവ്രവാദ ബന്ധമുണ്ടെന്നും അദ്ദേഹം രാജ്യം വിടണമെന്നുമായിരുന്നു രാധാകൃഷണന്റെ പ്രസ്ഥാവന. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

 ഇതിന് മുന്‍പ് എംടിയെ വിമര്‍ശിച്ചും രാധാകൃഷണന്‍ രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനേയും നരേന്ദ്ര മോദിയേയും വിമര്‍ശിക്കാന്‍ എംടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് എഎന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു. രാജ്യം മാറിയതൊന്നും എംടി അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top