“ചിന്നമ്മയ്ക്ക് ഞങ്ങളുടെ വോട്ടില്ല”: ആര്‍കെ നഗറില്‍ ശശികലയെ അംഗീകരിക്കില്ലെന്ന് പ്രവര്‍ത്തകര്‍

ശശികല നടരാജന്‍

ചെന്നൈ: ജയലളിതയ്ക്ക് പിന്‍ഗാമിയായി ആര്‍കെ നഗര്‍ മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങുന്ന ശശികലയ്ക്ക് തിരിച്ചടി. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറികൂടിയായ ശശികലയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് മണ്ഡലത്തിലെ പാര്‍ട്ടി അണികള്‍. ശശികല സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട എഐഎഡിഎംകെ എംഎല്‍എ വെട്രിവേലിനെതിരെ അണികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ജയലളിതയുടെ യഥാര്‍ത്ഥ അനന്തരാവകാശി അവരുടെ സഹോദര പുത്രിയായ ദീപയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ആര്‍കെ നഗറില്‍ ദിപ മത്സരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ജയലളിതയുടെ മരണത്തിന്റെ മുപ്പതാം ദിനത്തില്‍ സംഘടിപ്പിച്ച നിശബ്ദ റാലിയില്‍ പങ്കെടുക്കവെയാണ് വെട്രിവേല്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. എന്നാല്‍ റാലിയില്‍ പങ്കെടുത്തവര്‍ ശശികലയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉര്‍ത്തിയത്.

“ഞങ്ങള്‍ അമ്മയ്ക്ക് വേണ്ടി മാത്രമാണ് വന്നത്. ഞങ്ങള്‍ വോട്ട് ചെയ്യുമെന്ന പ്രതീക്ഷ ചിന്നമ്മയ്ക്ക് വേണ്ടെന്ന് പറഞ്ഞേക്കുക”. പ്രതിഷേധത്തിനിടെ പങ്കെടുത്ത ഒരാള്‍ വിളിച്ചുപറഞ്ഞു. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. “75 ദിവസത്തോളം അമ്മ ആശുപത്രിയില്‍ കിടന്നിട്ടും ഒരു നോക്ക് കാണാന്‍ സമ്മതിച്ചോ” എന്ന് റാലിയില്‍ പങ്കെടുത്ത ഒരു സ്ത്രീ ചോദിച്ചു.

ശശികല തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം മുതുര്‍ന്ന പാര്‍ട്ടി നേതാക്കളില്‍ നിന്നുള്‍പ്പെടെ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം ഉയരുന്നത്. ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പി ദുരൈ അഭിപ്രായപ്പെട്ടിരുന്നു. ഡിസംബര്‍ 29 നാണ് ശശികലയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് 31 ന് അവര്‍ സ്ഥാനം ഏറ്റെടുത്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top