രാജധാനിയുടെ അതേ ചിലവില്‍ പറക്കാം; എയര്‍ ഇന്ത്യയില്‍ റിപ്പബ്ലിക് ദിന ഓഫര്‍

പ്രതീകാത്മക ചിത്രം

വിമാന യാത്രാച്ചിലവ് കുറച്ചുനാള്‍ മുമ്പുവരെ സാധാരണക്കാരനു താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു. എന്നാല്‍ കൂടുതല്‍ വിമാനക്കമ്പനികള്‍ രംഗത്തെത്തിയതും ഈ മേഖലയില്‍ മല്‍സരം മുറുകിയതും ടിക്കറ്റ് നിരക്കുകള്‍ താഴുന്നതിന് കാരണമായി. ഇന്‍ഡിഗോ പോലുള്ള ബഡ്ജറ്റ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ തീരെക്കുറച്ച് രംഗം കൊഴുപ്പിച്ചു. എന്നാലിപ്പോള്‍ റിപ്പബ്ലിക് ദിന ഓഫര്‍ പ്രഖ്യാപിച്ച് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ.

രാജധാനിയുടെ രണ്ടാം ക്ലാസ് എസിയുടെ അതേ ചിലവില്‍ ജനുവരി 26 മുതല്‍ ഏപ്രല്‍ 30 വരെയാണ് ഓഫര്‍ നിരക്കില്‍ പറക്കാനാവുക. എന്നാല്‍ ഏപ്രില്‍ 10 വരെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. പറക്കേണ്ട തീയതിയുടെ 20 ദിവസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതാണെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ എത്ര ടിക്കറ്റുകള്‍ ഇതിനായി നീക്കിവച്ചിട്ടുണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ആഭ്യന്തര സഞ്ചാരികളുടെ വന്‍ വര്‍ദ്ധനവാണ് വിമാനക്കമ്പനികളെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 23 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. വിമാനക്കമ്പനികള്‍ കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ഈ വര്‍ഷം തുടങ്ങിയേക്കും.

DONT MISS
Top