ബംഗലൂരു ‘പുതുവത്സര അതിക്രമം’; നിങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല, എന്നാല്‍ എന്റെ രക്തം തിളയ്ക്കുന്നുവെന്ന് അക്ഷയ് കുമാര്‍

ദില്ലി: ബംഗലൂരുവില്‍ നടന്ന പുതുവത്സര അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. പുതുവത്സര രാവില്‍ സ്ത്രീകള്‍ക്കെതിരെ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ മൃഗീയമാണെന്ന് അക്ഷയ് കുമാര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ബംഗലൂരുവിലെ സംഭവം നാണം കെടുത്തുന്നൂവെന്ന് രണ്ട് മക്കളുടെ പിതാവും കൂടിയായ അക്ഷയ് കുമാര്‍ ട്വിറ്ററില്‍ അറിയിച്ചു. നമ്മള്‍ മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് സഞ്ചരിക്കുന്നൂവെന്നാണ് പുതുവത്സര രാവിലെ അതിക്രമങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് അക്ഷയ് കുമാര്‍ ട്വിറ്റര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മൃഗങ്ങള്‍ ഇതിലും ഭേദമാണെന്ന് അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനോടകം 15000 ലൈക്കുകളും, 7000 റീട്വീറ്റുകളും അക്ഷയ് കുമാറിന്റെ വീഡിയോ നേടി.

സ്ത്രീകള്‍ക്കെതിരെ നടന്ന കൂട്ട അതിക്രമങ്ങള്‍ അറിഞ്ഞപ്പോള്‍ തന്റെ രക്തം തിളച്ചെന്നും, മനുഷ്യ ജീവിയായതില്‍ താന്‍ ഇന്ന് ലജ്ജിക്കുന്നൂവെന്നും അക്ഷയ് കുമാറിന്റെ പറുന്നു. പുതുവത്സര രാവില്‍ നാല് വയസ്സുള്ള തന്റെ മകളുമായി മടങ്ങവെയാണ് ബംഗലൂരു സംഭവം താന്‍ അറിഞ്ഞത്. നിങ്ങളില്‍ ഇത് എങ്ങനെ പ്രതിഫലിക്കുമെന്ന് അറിയില്ല. എന്നാല്‍ തന്റെ രക്തം ഇത് കേട്ട് തിളച്ചൂവെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കാന്‍ ഒരു സമൂഹത്തിന് മുഴുവന്‍ സാധിച്ചില്ലെങ്കില്‍, അത് ഒരു മനുഷ്യ സമൂഹം അല്ലെന്ന് അക്ഷയ് കുമാര്‍ അറിയിച്ചു.

എന്നാല്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്കുള്ള ആധാരമെന്ന ചിലരുടെ വാദം ഏറെ വേദനാജനകമാണ്. പുരുഷന്‍മാര്‍ക്ക് കീഴെയാണ് സ്ത്രീകള്‍ എന്ന ചിന്ത ആദ്യം വെടിയണമെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി.

നേരത്തെ, ബോളിവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്തര്‍, സ്വര ഭാസ്‌കര്‍, റിച്ച ഛഡ, വരുണ്‍ ധവാന്‍ എന്നിവരും ബംഗലൂരു അതിക്രമത്തിന് എതിരെ ശക്തമായി ശബ്ദമുയര്‍ത്തിയിരുന്നു.

DONT MISS
Top