ഇതാണോ സ്മാര്‍ട്ട്‌ഫോണ്‍?; അസൂസിന്റെ പുതിയ മോഡലില്‍ കണ്ണ് തള്ളി ടെക്ക് ലോകം!

രാജ്യാന്തര ടെക്ക് സമ്മേളനമായ സിഇസ് 2017 (CES 2017) ലാസ് വേഗാസില്‍ പൊടിപൊടിക്കുകയാണ്. പുത്തന്‍ ആശയങ്ങളിലൂടെയും വിപണന സാധ്യതകളിലൂടെയും ഡിജിറ്റല്‍ ബ്രാന്‍ഡുകളെല്ലാം തങ്ങളുടെ ശക്തി തെളിയിക്കുമ്പോള്‍, നിലവിലെ സാങ്കേതികള്‍ എല്ലാം പഴങ്കഥയായി മാറുന്നു. അത്തരത്തില്‍ സിഇഎസ് 2017 ല്‍ ടെക്കികളെ ഞെട്ടിച്ച ബ്രാന്‍ഡാണ് ഇന്ന് അസൂസ് (Asus).

ഫ്ളാഗ്ഷിപ്പ് മോഡലായ സെന്‍ഫോണ്‍ AR (Asus Zenfone AR) ലൂടെയാണ് അസൂസ് ഇത്തവണ ടെക്ക് ലോകത്തെ ഞെട്ടിച്ചത്. എന്താണ് ഇത്ര മേന്മ എന്നല്ലേ? 8 ജിബി റാം ഉള്‍പ്പെട്ടിട്ടുള്ള ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് സെന്‍ഫോണ്‍ AR. ഇത് മാത്രമല്ല, ഗൂഗിള്‍ ടാംഗോ എന്ന ഓഗ്‌മെന്റഡ് റിയാലിറ്റി പ്രോഗ്രാമും, വിര്‍ച്ച്വല്‍ റിയാലിറ്റി സോഫ്റ്റ് വെയറായ ഡെയ് ഡ്രീമിന്റെയും (DayDream) പിന്തുണയുണ്ട് അസൂസിന്റെ സെന്‍ഫോണ്‍ AR ന്. സെന്‍ഫോണ്‍ AR ന് ഒപ്പം, 5000 mAh ബാറ്ററി കരുത്തുമായുള്ള സെന്‍ഫോണ്‍ 3 സൂം മോഡലും അസൂസ് സിഇസ് 2017 ല്‍ ഇന്ന് അവതരിപ്പിച്ചു.

രണ്ട് വേര്‍ഷനുകളിലായാണ് സെന്‍ഫോണ്‍ AR നെ അസൂസ് അണിനിരത്തുക. ഇതില്‍ ഒരു വേര്‍ഷന്‍ 6 ജിബി റാം ഓടെയാകും വിപണിയിലെത്തുക. സെന്‍ഫോണ്‍ AR എന്ന സ്മാര്‍ട്ട്‌ഫോണ്‍ മോഡലിനെ കുറിച്ച് നേരത്തെ ഇന്റര്‍നെറ്റില്‍ അഭ്യൂഹം പരന്നിരുന്നു. സെന്‍ഫോണ്‍ ശ്രേണിയിലേത് പോലെ തന്നെ ഹോം ബട്ടണിലാണ് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ സെന്‍ഫോണ്‍ AR ലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. AMOLED QHD (1440×2560 pixel) 5.7 ഇഞ്ച് ഡിസ്‌പ്ലേയാണ് അസൂസ് സെന്‍ഫോണ്‍ AR ന് ഉള്ളത്.

ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ വേര്‍ഷനിലെ ഏറ്റവും കരുത്തുറ്റ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസറാണ് സെന്‍ഫോണ്‍ AR ല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എന്നാല്‍, സ്‌നാാപ്ഡ്രാഗണ്‍ 835 വേര്‍ഷനിനെ ക്വാല്‍ക്കോം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സെന്‍ഫോണ്‍ AR ല്‍ മുന്‍പതിപ്പിനെയാണ് അസൂസ് നല്‍കിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. കൂടാതെ വേപ്പര്‍ കൂളിങ്ങ് സിസ്റ്റം ഫീച്ചറും സെന്‍ഫോണ്‍ AR ല്‍ അസൂസ് നല്‍കുന്നുണ്ട്.

സോണി IMX318 ലെന്‍സോട് കൂടിയ 23 മെഗാപിക്‌സല്‍ പ്രൈമറി ക്യമാറയും 8 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയും ഉപഭോക്താക്കള്‍ക്ക് മികവാര്‍ന്ന അനുഭൂതി നല്‍കുമെന്നാണ് അസൂസ് പറയുന്നത്. 2017 ന്റെ രണ്ടാം പാദത്തോടെ മാത്രമായിരിക്കും ആന്‍ഡ്രോയ്ഡ് ന്യൂഗട്ടില്‍ അധിഷ്ടിതമായ അസൂസ് സെന്‍ഫോണ്‍ AR വിപണിയില്‍ എത്തുക.

അതേസമയം, ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഈ ഫോണിന് 5.5 ഡിസ്‌പ്ലേയും 5000 എംഎഎച്ച് ബാറ്ററിയുമാണ് സെന്‍ഫോണ്‍ 3 സൂമിലുള്ളത്. സ്‌നാപ് ഡ്രാഗണ്‍ 625 പ്രോസ്സസര്‍ സെന്‍ഫോണ്‍ 3സൂമിന് കരുത്ത് പകരുന്നത്. അസൂസ് ഇതാദ്യമായി 12 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറകള്‍ അവതരിപ്പിക്കുന്നു എന്നത് ഒരു സവിശേഷത തന്നെയാണ്. മൂന്നു തരത്തിലുളള ഫോക്കസിങ് സംവിധാനം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഫോണില്‍ ഒരു വസ്തു ഫോക്കസാകാന്‍ 3 സെക്കന്റെ് സമയമെടുക്കും. പരമാവധി രണ്ടു മടങ്ങ് സൂം ചെയ്യാം. സെന്‍ഫോണ്‍ 3 സൂം ഫോണിലെ സൂപ്പര്‍ പിക്‌സല്‍ ക്യാമറ സംവിധാനത്തിലൂടെ താരതമ്യേന എത് വെളിച്ചം കുറഞ്ഞ സാഹചര്യത്തിലും ചിത്രമെടുക്കാം. 170 ഗ്രാം കനമുള്ള ഫോണിലൂടെ 6 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ ചിത്രീകരിക്കുവാന്‍ സാധിക്കും. മറ്റു ഫോണുകള്‍ ചാര്‍ജു ചെയ്യുവാന്‍ പവര്‍ബാങ്കായും സെന്‍ഫോണിനെ 3 സൂമിനെ ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്.

DONT MISS
Top