14 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് വിരാമമിട്ട് വിജയും ജ്യോതികയും ഒന്നിക്കുന്നു

ചെന്നൈ: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് വിരാമമിട്ട് വിജയും ജ്യോതികയും ഒന്നിക്കുന്നു. വിജയെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന വിജയ് 61 എന്ന ചിത്രത്തിലാണ് ജ്യോതികയും എത്തുന്നത്. ജ്യോതികയുടെ കഥാപാത്രത്തെ സബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തമിഴകത്തിന്റെ ഹിറ്റ് ജോഡികളായി തന്നെയാണോ ഇരുവരും വീണ്ടും ഒന്നിക്കുന്നത് എന്ന കാര്യത്തില്‍ തീരുമാനിയിട്ടില്ല എങ്കിലും വിജയും ജ്യോതികയും വീണ്ടും ഒരു ചിത്രത്തിനായി ഒരുമിക്കുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ചലചിത്രലോകം കേട്ടത്.  14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വിജയ് പടത്തില്‍ ജ്യോതിക അഭിനയിക്കുന്നത്. കാജല്‍ അഗര്‍വാള്‍ നായികയാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍ എന്നാല്‍, പ്രതിഫലത്തെ സംബന്ധിച്ച് ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ ഇപ്പോള്‍ കാജലിന് പകരം സാമന്തയെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയാണ് ജ്യോതികയുടെ വരവ്.

നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഇളയ ദളപതിയുടെ നായികയായിട്ടുള്ള ജ്യോതിക ഈ ചിത്രത്തില്‍ നായികയാകുമോ അതോ മറ്റൊരു മുഖ്യ കഥാപാത്രമായിട്ടായിരിക്കുമോ എന്ന കാര്യം വ്യക്തമല്ല. വിവാഹത്തോടെ സിനിമരംഗം വിട്ട ജ്യോതിക മുപ്പത്തിയാറ് വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.  ഏതായാലും വിജയും ജ്യോതികയും ഒന്നിക്കുമ്പോള്‍ മറ്റൊരു ഹിറ്റ് പിറക്കുമെന്നതില്‍ സംശയമില്ലെന്നാണ് ആരാധകരുടെ വിശ്വാസം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top