സാവിത്രിബായി ഫൂലേക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍

സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ ചൊവ്വാഴ്ച്ച ഇന്ത്യയോടൊപ്പം സാമൂഹിക പരിഷ്‌കര്‍ത്താവായ സാവിത്രിബായി ഫൂലേയുടെ ജന്മദിന വാര്‍ഷികാഘോഷത്തില്‍ പങ്കുചേര്‍ന്നു. മറാഠി കവയത്രിയും, ഇന്ത്യയിലെ ആദ്യ വനിതാ വിദ്യാലയത്തില്‍ അധ്യാപികയും ആയിരുന്ന സാവിത്രിബായി ഫുലേക്ക് ആദരമര്‍പ്പിക്കുന്ന ഡൂഡിലാണ് ഗൂഗിള്‍ ഇന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാനായി 1848ലാണ് സാവിത്രിബായി തന്റെ ഭര്‍ത്താവുമായി ചേര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത്. ഒരു കാര്‍ഷിക കുടുംബത്തില്‍ 1831ല്‍ മഹാരാഷ്ട്രയിലായിരുന്നു അവരുടെ ജനനം. വിവാഹത്തിനു ശേഷം ഭര്‍ത്താവ് ജ്യോതിറാവ് ആണ് അവരുടെ സാമുഹിക പരിഷ്‌കരണ നടപടികള്‍ക്ക് കരുത്ത് പകര്‍ന്നത്. രാജ്യത്ത് നിലനിന്നിരുന്ന തൊട്ടുകൂടായ്മക്കെതിരെ പോരാടിയിരുന്ന അവര്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീകളുടെ പുനര്‍വിവാഹത്തിനായും നിലകൊണ്ടു.

പൂനെ നഗരത്തില്‍ 1897 പടര്‍ന്നു പിടിച്ച പ്ലേഗ് രോഗം ചികിത്സിക്കുവാനായി തന്റെ വളര്‍ത്തു മകനോടൊപ്പം ക്ലിനിക്ക് ആരംഭിച്ച സാവിത്രിബായി അതേ രോഗം പിടിപെട്ട് മാര്‍ച്ചിലാണ് മരണപ്പെട്ടത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി നിലകൊണ്ട സാവത്രിബായി – ജ്യോതിറാവ് ദമ്പതികളെ 1852ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആദരിച്ചിരുന്നു. തപാല്‍ വകുപ്പ് 1998 ല്‍ സാവത്രീബായിയോടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ അവരുടെ പേരില്‍ മികച്ച വനിതാ പരിഷ്‌ക്കര്‍ത്താക്കള്‍ക്ക് അവാര്‍ഡും നല്‍കി വരുന്നു.

DONT MISS
Top