ഗാലക്‌സിയുമായി സാംസങ്ങ് വീണ്ടും; 2017 ല്‍ വിജയഗാഥ രചിക്കുമെന്ന പ്രതീക്ഷയില്‍ ഗാലക്‌സി A ശ്രേണി

പുത്തന്‍ സ്മാര്‍ട്ട് ശ്രേണിയുമായി സാംസങ്ങ്. നേരത്തെ, ഗാലക്‌സി നോട്ട് 7 ല്‍ പതറിയ സാംസങ്ങ് ഇത്തവണ ഏറെ മുന്‍കരുതലോടെയുള്ള ഗാലക്‌സി A നിരയെയാണ് പുതുവര്‍ഷത്തില്‍ അവതരിപ്പിച്ചത്. ഗാലക്‌സി A7, ഗാലക്‌സി A5, ഗാലക്‌സി A3 എന്നീ മോഡലുകളാണ് സാംസങ്ങില്‍ നിന്നും അണിനിരന്നിരിക്കുന്നത്. രാജ്യാന്തര ടെക്ക് മേളയായ സിഇഎസ് 2017 ന് മുന്നോടിയായാണ് സാംസങ്ങ് ഗാലക്‌സി A 2017 ശ്രേണിയെ അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.

ഗാലക്‌സി A7 (Samsung Galaxy A7)-

5.7 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനോട് കൂടിയ ഗാലക്‌സി A7 ല്‍ കരുത്തേകുന്നത് 1.9 GHz ഒക്ടാ കോര്‍ പ്രോസസറാണ്. 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ആറ് നെറ്റ് വര്‍ക്ക് സ്പീഡുകള്‍ ഉള്‍ക്കൊള്ളുന്ന എല്‍ടിഇ ഫീച്ചര്‍ മുതലായവ സാംസങ്ങ് ഗാലക്‌സി A7 നെ വേറിട്ട് നിര്‍ത്തും. കൂടാതെ, 16 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റുമെന്ന് ഉറപ്പാണ്. ഏറ്റവും പുതിയ ബ്ലുടൂത്ത് വേര്‍ഷന്‍ 4.2, എന്‍എഫ്‌സി, ആക്‌സിലോമീറ്റര്‍, പ്രോക്‌സിമിറ്റി, ജിയോമാഗ്നറ്റിക്, ആര്‍ജിബി ലൈറ്റ്, ഫിഗര്‍ പ്രിന്റ് സെന്‍സര്‍, ബാരോമീറ്റര്‍ സെന്‍സര്‍ എന്നിവ ഒക്കെയും ഗാലക്‌സി A7 ല്‍ സാംസങ്ങ് ഒരു്ക്കിയിട്ടുണ്ട്. ഒപ്പം, 3600 mAh ഫാസ്റ്റ് ചാര്‍ജിങ്ങ് ബാറ്ററിയും യുഎസ്ബി ടൈപ് സി പോര്‍ട്ടും ഗാലക്‌സി A 7 ന്റെ കരുത്താണ്.

ഗാലക്‌സി A5 (Samsung Galaxy A5)-

മുന്‍മോഡലില്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് ഗാലക്‌സി A5 നെ സാംസങ്ങ് ഒരുക്കിയത്. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയും, 2 ജിബി റാമിനുമൊപ്പം, 3000 mAh ഫാസ്റ്റ് ചാര്‍ജിങ്ങ് ബാറ്ററിയുമാണ് ഉപഭോക്താക്കള്‍ക്ക് ഗാലക്‌സി A5 ല്‍ ലഭിക്കുക. ബാക്കിയുള്ള ഫീച്ചര്‍സ് എല്ലാം തന്നെ മുന്‍മോഡലായ ഗാലക്‌സി A5 ന് സമാനമായി തന്നെയാണ് സാംസങ്ങ് ഒരുക്കിയിട്ടുള്ളത്.

ഗാലക്‌സി A3 (Samsung Galaxy A3)-

ശ്രേണിയിലെ കുഞ്ഞനായ ഗാലക്‌സി A3 യെയും പരിധിക്കുള്ളില്‍ നിന്ന് ഗംഭീരമാക്കി തന്നെയാണ് സാംസങ്ങ് അവതരിപ്പിച്ചിട്ടുള്ളത്. 4.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഗാലക്‌സി A3 യില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കൂടാതെ എല്‍ടിഇ, 2ജിബി റാം, 1.6 Ghz ക്വാഡ് കോര്‍ പ്രോസസര്‍, 2350 mAh ബാറ്ററി മുതലായ ഫീച്ചറുകളും ബജറ്റ് ശ്രേണിയില്‍ സാംസങ്ങ് ഗാലക്‌സി A3 യെ വ്യത്യസ്തമാക്കും. ഗാലക്‌സി A ശ്രേണിയിലെ എല്ലാ മോഡലുകളും ആന്‍ഡ്രോയിഡിന്റെ മുന്‍പതിപ്പായ മാര്‍ഷ്മാല്ലോയില്‍ അധിഷ്ടിതമാണ്.

DONT MISS
Top