ഇന്ത്യയിലേക്ക് ചുവട് മാറാന്‍ ആപ്പിള്‍; എെഫോണുകള്‍ ഇനി ബംഗളൂരുവില്‍ നിന്ന് നിര്‍മ്മിക്കാന്‍ സാധ്യത

ദില്ലി: ഇന്ത്യന്‍ മണ്ണിലേക്ക് വേരിങ്ങാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നു. ആപ്പിളിന് വേണ്ടി സ്മാര്‍ട്ട്‌ഫോണ്‍ ഘടകഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്‍, ബംഗളൂരുവില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള അനുവാദത്തിനായി കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചത് ഇതിന്റെ മുന്നൊരുക്കമായാണെന്നാണ് സൂചന.

തങ്ങളുടെ അപേക്ഷയില്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് തായ് വാനീസ് കമ്പനിയായ വിസ്‌ട്രോണ്‍ ആവശ്യപ്പെട്ടതായി കര്‍ണാടക സര്‍ക്കാരിന്റെ ഉന്നത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയാ റോയിട്ടേഴ്‌സിനോട് സൂചിപ്പിച്ചു. നേരത്തെ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ഇന്ത്യയില്‍, ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള അനുവാദം ആവശ്യപ്പെട്ട് ആപ്പിള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്ന് വാള്‍ സ്ട്രീറ്റ് ജര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആപ്പിള്‍ ഇന്ത്യയിലേക്ക് വരികയാണെങ്കില്‍, രാജ്യാന്തര ഉത്പാദകരെ ഇന്ത്യയിലേക്ക് കൊണ്ട് വരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ നിര്‍ണായക വിജയമാകും. ആപ്പിളിന് പുറമെ, മറ്റ് പല വന്‍കിട ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയും വിസ്‌ട്രേണ്‍ ഘടക ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. അതേസമയം, വിസ്‌ട്രോണിന്റെ പ്ലാന്റില്‍ നിന്നും ആപ്പിള്‍ തങ്ങളുടെ ഉത്പന്നങ്ങളെ അണിനിരത്തുമോ എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ വിസ്‌ട്രോണിന്റെ തിടുക്കം, ആപ്പിളിന്റെ ചുവടുറപ്പിന്റെ സൂചനകളാണ് നല്‍കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

DONT MISS
Top