ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തിലും ‘വര്‍ധന’; സമയം ഒരു സെക്കന്റ് മുന്നോട്ടാക്കി

പ്രതീകാത്മക ചിത്രം

ദില്ലി: പുതുവര്‍ഷം പിറന്നതോടെ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം (GMT+5:30) ഒരു സെക്കന്റ് മുന്നോട്ടാക്കി. ഭൂമിയുടെ ഭ്രമണത്തിന്റെ അടിസ്ഥാനത്തിലുള്ള ക്ലോക്കുകളിലെ സമയവുമായി ഇന്ത്യന്‍ സമയം ഒത്തു പോകുന്നതിനു വേണ്ടിയാണ് ഇത്. ഇന്നലെ രാവിലെ 5 മണി കഴിഞ്ഞ് 29 മിനുറ്റുകളും 59 സെക്കന്‍ഡുകളും കഴിഞ്ഞപ്പോഴാണ് ഇന്ത്യന്‍ സമയത്തിലും മാറ്റം ഉണ്ടായത്. ശനിയാഴ്ച രാത്രി 11 മണി കഴിഞ്ഞ് 59 മിനുറ്റുകളും 59 സെക്കന്റുകള്‍ കഴിഞ്ഞപ്പോള്‍ ലോകത്തെ മറ്റ് ക്ലോക്കുകളില്‍ ഒരു സെക്കന്‍ഡ് അധികമായി ചേര്‍ത്തിരുന്നു. ദേശീയ ഫിസിക്കല്‍ ലബോറട്ടറിയിലുള്ള ആറ്റോമിക്ക് ക്ലോക്കിലാണ് സമയ മാറ്റം ഉണ്ടായത്.

അതിസൂഷ്മമായ ഈ സമയമാറ്റം സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ പറ്റുകയില്ലെന്നു മാത്രമല്ല ഈ മാറ്റം അവരെ ബാധിക്കുകയുമില്ല. എന്നാല്‍ ജ്യോതിശാസ്ത്രം, വാര്‍ത്താ വിനിമയം, ഉപഗ്രഹ സഞ്ചാരം, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ തുടങ്ങിയ മേഖലകള്‍ക്കാണ് ഈ സമയ മാറ്റത്തിന്റെ ഗുണഫലം ലഭിക്കുക. ലീപ് സെക്കന്‍ഡ് എന്നാണ് ലോകമെമ്പാടുമുള്ള ക്ലോക്കുകളില്‍ അധികമായി ചേര്‍ക്കുന്ന ഈ സെക്കന്‍ഡ് അറിയപ്പെടുക.

ഒരു തവണ കറക്കം പൂര്‍ത്തിയാക്കാന്‍ സാങ്കേതികമായി ഭൂമിയ്ക്ക് 24 മണിക്കൂറിനേക്കാള്‍ കൂടുതല്‍ സമയം വേണം. അതായത്, 86,400 സെക്കന്റുകള്‍ അല്ല ഒരുതവണ കറങ്ങാനായി ഭൂമിയ്ക്ക് വേണ്ടത്; അത് 86,400.002 സെക്കന്റുകളാണ്.

അതുകൊണ്ട്, ഭൂമിയില്‍ നിന്ന് ഏറ്റവും ഉയരത്തിലുള്ള സൂര്യനുമായി മറ്റെല്ലാം ഒത്തു പോകാനായാണ് ഓരോ നിശ്ചിത വര്‍ഷങ്ങള്‍ കഴിയുമ്പോഴും വര്‍ഷത്തിന്റെ ദൈര്‍ഘ്യത്തില്‍ ഒരു സെക്കന്റ് അധികമായി ചേര്‍ക്കുന്നത്. ഈ ‘ലീപ്പ് സെക്കന്റ്’ സമ്പ്രദായം തുടങ്ങിയത് 1972 മുതലാണ്. കഴിഞ്ഞ 44 വര്‍ഷങ്ങളിലായി 27 സെക്കന്റുകളാണ് ഇത്തരത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്.

DONT MISS
Top