നന്നായി ഓടി കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പിന്‍വലിച്ചതിനെതിരെ അടൂരിന് ഒന്നും പറയാനില്ലേയെന്ന് ലിബര്‍ട്ടി ബഷീര്‍

ലിബര്‍ട്ടി ബഷീര്‍

കൊച്ചി: സിനിമാ പ്രതിസന്ധിയില്‍ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്റെ പ്രതികരണത്തിനെതിരെ ആഞ്ഞടിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. സിനിമയോട് ഇത്രയധികം സ്‌നേഹമുണ്ടായിരുന്നുവെങ്കില്‍ നന്നായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങല്‍ പിന്‍വലിച്ചതെന്തിനായിരുന്നുവെന്നും അതിനെതിരെ അടൂരിന് ഒന്നും പറയാനില്ലേയെന്നും ബഷീര്‍ ചോദിച്ചു.

അതേസമയം, താന്‍ ഏറെ ബഹുമാനിക്കുന്ന സംവിധായകനാണ് അടൂരെന്ന് പറഞ്ഞ ബഷീര്‍ അദ്ദേഹം തനിക്ക് ഗുരുതുല്ല്യനാണെന്നും കൂട്ടിച്ചേര്‍ത്തു. തിയ്യറ്റര്‍ ഉടമകള്‍ക്ക് മലയാള സിനിമയോട് പ്രതിബദ്ധതയില്ലെന്ന് നേരത്തെ വിഷയത്തില്‍ അടൂര്‍ പ്രതികരിച്ചിരുന്നു.

35 വര്‍ഷമായി താന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇതിനിടെ ഒരുപാട് സിനിമാ സമരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്ന് സിനിമകള്‍ തിയ്യറ്ററുകളില്‍ നിന്നും പിന്‍വലിച്ചിട്ടില്ലായിരുന്നു എന്ന് ലിബര്‍ട്ടി ബഷീര്‍ ചൂണ്ടിക്കാണിച്ചു.സിനിമയ്ക്ക് ദൈവീകമായ ശക്തിയുണ്ടെന്നും എന്നാല്‍ ഇവിടെ തിയ്യറ്റര്‍ നടത്തികൊണ്ടു പോകാന്‍ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ചിലരുടെ ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ തിയ്യറ്ററുടമകള്‍ക്ക് കോടികള്‍ നഷ്ടമുണ്ടാകാറുണ്ടെന്നും അതിനെ കുറിച്ച് ആരും ചോദിക്കുന്നില്ലെന്നും ബഷീര്‍ ആരോപിച്ചു. ചിത്രം പരാജയപ്പെട്ടാല്‍ രജനീകാന്തിന്റെ വീടിന് മുന്നില്‍ വരെ സമരം നടക്കാറുണ്ട്, എന്നാല്‍ കേരളത്തില്‍ ഇത്തരത്തിലൊന്നും നടക്കുന്നില്ലയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

DONT MISS
Top