‘ഡിജിറ്റല്‍ ഹിറ്റ്‌ലിസ്റ്റില്‍’ തിളങ്ങിയത് ഇവരൊക്കെ; 2016 കണ്ട മികച്ച സ്മാര്‍ട്ട്ഫോണുകള്‍

2016 അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഈ വര്‍ഷം വിപണി കണ്ട മികച്ച സ്മാര്‍ട്ട് ഫോണുകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാലോ? ഏറെ കൊട്ടിഘോഷിക്കപ്പെട്ടു രംഗത്ത് വന്ന പല സ്മാര്‍ട്ട്‌ഫോണുകളും അമ്പേ പരാജയപ്പെട്ടപ്പോള്‍ തന്നെ, വമ്പന്മാര്‍ക്ക് ഒപ്പം കുഞ്ഞന്‍ ബ്രാന്‍ഡുകളും ശക്തമായ ചലനങ്ങളാണ് കാഴ്ച വെച്ചത്.

2016 കണ്ട മികച്ച പത്ത് സ്മാര്‍ട്ട്‌ഫോണുകള്‍-

ആപ്പിള്‍ ഐഫോണ്‍ 7 plus- Apple Iphone 7 Plus ( 72000 രൂപ നിരക്കില്‍ ആരംഭിക്കുന്നു)

രാജ്യാന്തര വിപണിയുടെ പ്രതീക്ഷയെ കാത്താണ് ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ ശ്രേണിയിലേക്ക് ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകളെ അവതരിപ്പിച്ചത്. 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമായി ആപ്പിള്‍ രംഗത്തിറക്കിയ ആദ്യ സ്മാര്‍ട്ട്‌ഫോണുകളാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 plus.

ഗൂഗിള്‍ പിക്‌സല്‍ XL- Google Pixel XL ( 67000 രൂപ നിരക്കില്‍ ആരംഭിക്കുന്നു)

ആപ്പിളിന് കനത്ത ഭീഷണിയായാണ് നെക്‌സസിന് പകരം പിക്‌സലിനെ ഗൂഗിള്‍ അവതരിപ്പിച്ചത്. ഗൂഗിളിന്റെ ബ്രാന്‍ഡിങ്ങോടെ ഐഫോണിനെ കടത്തി വെട്ടുന്ന ഫീച്ചറും ബില്‍ഡുമായി വിപണിയിലെത്തിയ പിക്‌സലിന് ഏറെ വിയര്‍ക്കേണ്ടി വന്നില്ല. വന്ന് ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ പിക്‌സല്‍ ഫോണുകള്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടുകയായിരുന്നു. ഉപഭോക്താവിന്റെ സംശയങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്ന ഡിജിറ്റല്‍ അസിസ്റ്റന്‍സ് ഫീച്ചര്‍ തന്നെ പിക്‌സലിന് വ്യത്യസ്തമാക്കുന്നു.

എല്‍ജി V20- LG V20 (54999 രൂപ നിരക്കില്‍ ആരംഭിക്കുന്നു)

ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ന്യൂഗട്ട് ലഭിക്കുന്ന ആദ്യ ഗൂഗിള്‍ ഇതര സ്മാര്‍ട്ട്‌ഫോണാണ് എല്‍ജി V20. QHD ഡിസ്‌പ്ലേയോടും മികവാര്‍ന്ന ബാറ്ററി, ക്യാമറ സവിശേഷതകളാലും ശ്രദ്ധ നേടിയ എല്‍ജി V20, ഐഫോണ്‍ 7 plus ന് സമാനമായി വൈഡ് ആംഗിള്‍ ലെന്‍സുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഹുവാവെയ് P9- Huawei P9 ( 39999 രൂപ നിരക്കില്‍)

ആപ്പിളിനും ഗൂഗിളിനും എതിരായി ഹുവാവെയ് അവതരിപ്പിച്ചത്, P9 സ്മാര്‍ട്ട്‌ഫോണിനെയാണ്. ഐഫോണ്‍ 7 plus ന് സമാനമായി ഡ്യൂവല്‍ ക്യാമറ ഫീച്ചര്‍ ഉള്‍ക്കൊള്ളുന്ന P9 സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കരുത്തേകുന്നത് ലെയ്ക്ക ലെന്‍സുകളാണ്.

മോട്ടോറോള മോട്ടോ Z- Motorola Moto Z ( 39999 രൂപ നിരക്കില്‍)

വേള്‍ഡ്‌സ് സ്ലിമ്മസ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ എന്ന ടാഗോടെ വിപണിയില്‍ മോട്ടോ അവതരിപ്പിച്ച മോഡലാണ് മോട്ടോ Z. മോട്ടോറോളയുടെ പ്രൗഢിയ്‌ക്കൊത്ത് വിപണിയിലെത്തിയ മോട്ടോ Zയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടാതെ മോഡുലാര്‍ ഫീച്ചറും മോട്ടോ Z മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

സാംസങ്ങ് ഗാലക്‌സി S7 Edge- Samsung Galaxy S7 Edge ( 50900 രൂപ നിരക്കില്‍)

ഗാലക്‌സി നോട്ട് 7 ല്‍ സാംസങ്ങിന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും മുന്‍ നിര മോഡലായ ഗാലക്‌സി S7 Edge ന് ആരാധകര്‍ ഏറെയുണ്ട്. ഡ്യൂവല്‍ കര്‍വ്ഡ് സ്‌ക്രീന്‍ ഡിസ്‌പ്ലേയും പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സും ഗാലക്‌സി S7 Edge ന് പ്രചാരം നല്‍കി.

വണ്‍പ്ലസ് 3T- OnePlus 3T ( 29999 രൂപ നിരക്കില്‍)

ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് ഇത്തവണ വണ്‍പ്ലസ് എത്തിയത്. വണ്‍പ്ലസ് 3 ഇറക്കിയതിന് പിന്നാലെ വണ്‍പ്ലസ് 3T യെ അവതരിപ്പിച്ചത് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ അപ്രതീക്ഷിത നീക്കമായിരുന്നു. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, 6 ജിബി റാം, QHD ഡിസ്‌പ്ലേ മുതലായ കിടിലന്‍ ഫീച്ചര്‍സുമായുള്ള വണ്‍പ്ലസ് 3T , ഈ വര്‍ഷത്തെ മികച്ച ഫോണുകളില്‍ ഒന്നാണ്.

ഷവോമി റെഡ്മി നോട്ട് 3- Xiaomi Redmi Note 3 (9999 രൂപ നിരക്കില്‍)

ബജറ്റ് ശൃഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന മോഡലാണ് ഷവോമി റെഡ്മി നോട്ട് 3. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍, ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 4050 mAh ബാറ്ററി എന്നിങ്ങനെ ഒരു പിടി സവിശേഷതകളാണ് ഷവോമി റെഡ്മി നോട്ട് 3 യില്‍ ഒരുക്കിയിട്ടുള്ളത്.

അസൂസ് സെന്‍ഫോണ്‍ 3 Max- Asus Zenfone 3 Max ( 17999 രൂപ നിരക്കില്‍)

ബജറ്റ് ശ്രേണിയില്‍ അവതരിച്ച് പ്രീമിയം ശ്രേണിയിലേക്ക് കടന്ന അസൂസില്‍ നിന്നും 2016 കണ്ട മികച്ച മോഡലാണ് സെന്‍ഫോണ്‍ 3 Max. കരുത്തുറ്റ 4100 mAh ബാറ്ററി കരുത്തില്‍ 30 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന സെന്‍ഫോണ്‍ 3 Max ന് ആരാധകരെ സമ്പാദിക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല.

നൂബിയ Z11- Nubia Z11 (29999 രൂപ നിരക്കില്‍)

ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍ എന്നതാണ് നൂബിയയെ സംബന്ധിച്ച് പറയാനുള്ളത്. Z11 മോഡലിനെ നവംബര്‍ അവസാനത്തോടെയാണ് നൂബിയ അവതരിപ്പിച്ചതെങ്കിലും ഏറെ ശ്രദ്ധ നേടുകയായിരുന്നു. 6 ജിബി റാം, ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 16 മെഗാപിക്സല്‍ പ്രൈമറി ക്യാമറ മുതലായ കിടിലന്‍ ഫീച്ചര്‍സുമായി എത്തിയ നൂബിയ Z11 മുന്‍നിര ബ്രാന്ഡുകള്‍ക്ക് കനത്ത വെല്ലുവിളി തന്നെയാണ്.

DONT MISS
Top