മലയാളികള്‍ക്ക് പാക് ഹാക്കര്‍മാരുടെ പണി; എംടി വാസുദേവന്‍ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

വെബ്‌സൈറ്റ് ഹാക്ക് ചെയ്ത നിലയില്‍

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എംടി വാസുദേവന്‍ നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് പാകിസ്താന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു.  http://mtvasudevannair.com/ എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. കശ്മീരി ചീറ്റ എന്ന ഗ്രൂപ്പാണ് ഹാക്കിംഗിന് പിന്നില്‍.

കഴിഞ്ഞ കുറേ ദിവസങ്ങളിലായി നടക്കുന്ന ഇന്ത്യ-പാക് ഹാക്കിംഗ് യുദ്ധത്തിന്റെ ഭാഗമാണ് പുതിയ സംഭവം. നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് കശ്മീരി ചീറ്റ ഹാക്ക് ചെയ്തിരുന്നു. എന്നാല്‍ ഇതിന് കനത്ത തിരിച്ചടിയാണ് മലയാളികള്‍ നല്‍കിയത്. പാക് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെ മലയാളികള്‍ ഹാക്ക് ചെയ്തു.

തിരുവനന്തപുരം വിമാനത്താവളം ഹാക്ക് ചെയ്തപ്പോള്‍ കാണിച്ച മെസേജ് തന്നെയാണ് എംടിയുടെ പേജിലും കാണിക്കുന്നത്. ടീം പാക് സൈബര്‍ അറ്റാക്കേഴ്‌സ്, ഞങ്ങള്‍ അപരാജിതര്‍, മെസ് വിത്ത് ദ ബെസ്റ്റ്, ഡൈ ലൈക്ക് ദ റെസ്റ്റ്. എന്നാണ് വെബ്‌സൈറ്റ് തുറന്നാല്‍ കാണുന്നത്.

തിരുവനന്തപുരം വിമാനത്താവളം ഹാക്ക് ചെയ്തതിന് പാകിസ്താനിലെ പ്രധാന എയര്‍പോര്‍ട്ടായ സിയാല്‍കോട്ട് എയര്‍പോര്‍ട്ടിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കൊണ്ടാണ് മലയാളികള്‍ തിരിച്ചടിച്ചത്. മലയാളി ഹാക്കര്‍മാരായ മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സായിരുന്നു ഹാക്കിങ്ങിന് പിന്നില്‍. ഹാക്ക് ചെയ്ത് സൈറ്റില്‍ സലീം കുമാറിന്റേയും നിവിന്‍ പോളിയുടേയുമൊക്കെ ഫോട്ടോകള്‍ ഹാക്കര്‍മാര്‍ അവതരിപ്പിക്കുകയും ചെയ്തു. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു പാക് സൈറ്റ് ഹാക്ക് ചെയ്ത വിവരം പുറത്ത് വിട്ടത്.

പാക് സര്‍ക്കാരിന്റെ സൈറ്റുകള്‍ ഹാക്ക് ചെയ്തതിന് പിന്നാലെ പാകിസ്താന്റെ ഏറ്റവും പ്രധാനപ്പെട്ട വെബ്‌സൈറ്റിലും ഇന്ത്യന്‍ ഹാക്കര്‍മാര്‍ കൈവെച്ചു. പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റാണ് ഏറ്റവും ഒടുവില്‍ ഹാക്കിംഗിന് വിധേയമായത്. സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത് മലയാളി ഹാക്കര്‍മാരാണ്.

പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ മിഥുനത്തിലെ ഇന്നസെന്റും, ബെസ്റ്റ് ആക്ടറിലെ മമ്മൂട്ടിയുമെല്ലാമുണ്ട്. ഒപ്പം ഇന്ത്യന്‍ ദേശീയ പതാകയും പാറുന്നുണ്ട് സൈറ്റില്‍. ‘പിക്ച്ചര്‍ അഭീ ബാക്കി ഹേ ഭായി’ എന്നും ‘ഇങ്ങോട്ട് കയറി ചൊറിയാതിരിക്കുക, പറ്റുമെങ്കില്‍ ആരും കാണാതെ കരയുക’ എന്നുമെല്ലാം മലയാളത്തിലും എഴുതിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സൈറ്റിനിതെന്ത് പറ്റിയെന്ന് അമ്പരന്നിരിക്കുകയാണ് കമ്മീഷനെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

DONT MISS
Top