കേരളം വിട്ട് മദ്രാസ് ഐഐടി വെബ്‌സൈറ്റ് പിടിച്ച് പാക് ഹാക്കര്‍മാര്‍; നിമിഷങ്ങള്‍ക്കകം വെബ്‌സൈറ്റ് പൂര്‍വസ്ഥിതിയിലാക്കി ഇന്ത്യന്‍ മറുപടി


ചെന്നൈ: ഇന്ത്യ-പാക് ഹാക്കര്‍മാര്‍ തമ്മിലുള്ള സൈബര്‍ അറ്റാക്ക് തുടരുന്നു. ഇന്നലെ പാക് സര്‍ക്കാറിന്റേതുള്‍പ്പടെ 36 വെബ്‌സൈറ്റുകള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റ്, പാക് ന്യൂസ് സൈറ്റുകള്‍ എന്നിവ ഹാക്ക് ചെയ്തതിന് പകരമായി പാകിസ്താന്‍ ഇന്ന് ഹാക്ക് ചെയ്തത് മദ്രാസ് ഐഐടി വെബ്‌സൈറ്റാണ്. എന്നാല്‍ നിമിഷങ്ങള്‍ക്കകം സെെറ്റ് പൂര്‍വസ്ഥിതിയിലാക്കി ഐഐടി തിരിച്ചടിക്കുകയും ചെയ്തു. രാവിലെ കുറച്ച് സമയത്തേക്ക് മാത്രമാണ് ഐഐടി സൈറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതെന്നും ഹാക്കിങ്ങ് നടന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സൈറ്റ് പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞെന്നും ഐഐടി അധികൃതര്‍ അറിയിച്ചു.

ഫൈസല്‍ 1337 എന്ന് സ്വയം വിശേഷിപ്പിച്ച വ്യക്തിയാണ് ഹാക്കിങ്ങ് നടത്തിയത്. ഹാക്ക് ചെയത് സെറ്റില്‍ ബാറ്റ്മാന്‍ സിനിമയിലെ വില്ലന്‍ ജോക്കറിന്റെ ചിത്രവും പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യവും ഹാക്കര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ ഹാക്കര്‍മാരുടെ ശക്തി നിങ്ങള്‍ക്കറിയില്ല എന്ന മുന്നറിയിപ്പും സൈറ്റില്‍ നല്‍കിയിട്ടുണ്ടായിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ അനൗദ്യോഗിക സൈറ്റ് ഹാക്ക് ചെയതതോടെയാണ് ഒരിടവേളക്ക് ശേഷം ഹാക്കിങ്ങ് രൂക്ഷമായത്. സിയാല്‍ കോട്ട് വിമാനത്താവളത്തിന്‍റേയും ഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയവയുടേയും സൈറ്റുകള്‍ ഹാക്ക് ചെയ്താണ് മലയാളി ഹാക്കര്‍മാര്‍ ഇതിന് പകരം വീട്ടിയത്.

പാകിസ്താനിലെ ഏതാനും വാര്‍ത്താ സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. കേരളത്തിലെ സൈറ്റുകള്‍ ഹാക്ക് ചെയ്തത് വലിയ വാര്‍ത്തയായി കൊടുക്കുകയും എന്നാല്‍, തിരിച്ച് കിട്ടിയ പണി മുക്കിക്കളയുകയും ചെയ്ത പാകിസ്താനിലെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കാണ് മലയാളി ഹാക്കര്‍മാര്‍ പണികൊടുത്തത്.

കേരള സൈബര്‍ വാരിയേഴ്‌സെന്ന ഗ്രൂപ്പാണ് ഹാക്കിംഗ് നടത്തി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ കാശ്മീര്‍ ന്യൂസ് നെറ്റ് വര്‍ക്കിന്റെയും മിര്‍പൂര്‍ ന്യൂസിന്റേയും യൂസര്‍നെയ്മും പാസ്‌വേര്‍ഡും സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തിയതും തിരിച്ചടിയ്ക്ക് വഴിയൊരുക്കിയതും.

DONT MISS
Top