പ്രതിസന്ധി ഒഴിയാതെ തിയേറ്ററുകള്‍ ; മകളുടെ ചിത്രത്തിന്റെ റിലീസിന് കളമൊരുക്കാന്‍ സുരേഷ് കുമാര്‍ ശ്രമിക്കുന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍

ലിബര്‍ട്ടി ബഷീര്‍

കൊച്ചി: സംസ്ഥാനത്തെ സിനിമ പ്രതിസന്ധിയ്ക്ക് അയവില്ല. സമരം പരിഹരിക്കാന്‍ കഴിയാതെ തുടരുന്ന സാഹചര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന് തിയേറ്ററുടമകള്‍ വ്യക്തമാക്കിയതോടെയാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായത്. വെള്ളിയാഴ്ച്ച മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി.

തിയേറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം ലഭിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന നിലപാടില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ സിനിമാ സമരത്തിന്റെ പേരില്‍ തിയേറ്ററുകള്‍ പൂട്ടിയിടാന്‍ കഴിയില്ലെന്നും അതിനാല്‍ അന്യഭാഷ ചിത്രങ്ങളുമായി പ്രദര്‍ശനം തുടരുമെന്നും ഫെഡറേഷന്റെ ജനറല്‍ ബോഡി യോഗത്തിന് ശേഷം പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.

തിയേറ്ററുകളില്‍ പ്രദര്‍ശനം നടക്കുന്ന മലയാള ചിത്രങ്ങള്‍ ഈ മാസം 31 ഓടെ പിന്‍വലിക്കുമെന്ന് നേരത്തെ തന്നെ നിര്‍മ്മാതക്കളും വിതരണക്കാരും വ്യക്തമാക്കിയിരുന്നു. നിര്‍മ്മാതക്കളുടെ സംഘടനയിലെ ചില വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് ഈ സമരം സമവായത്തിലെത്താതെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായ ജി സുരേഷ് കുമാറിന്റെ മകളുടെ തമിഴ് ചിത്രത്തിന്റെ റിലീസിനായാണ് സമരം അവസാനിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതെന്നും ബഷീര്‍ പറഞ്ഞു.

സിനിമകളുടെ തിയേറ്റര്‍ വിഹിതത്തെ ചൊല്ലി ഡിസംബര്‍ 16 മുതലുള്ള മലയാള ചിത്രങ്ങളുടെ റിലീസാണ് മാറ്റി വച്ചത്. തുടര്‍ന്ന് മന്ത്രി എകെ ബാലന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നെങ്കിലും സമരം അവസാനിപ്പിക്കാന്‍ സാധിച്ചില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top