മുതലാളിത്തമെന്നാൽ മാനവരാശിക്കെതിരെയുള്ള തീവ്രവാദമാണെന്ന് മാർപാപ്പ

ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍: മുതലാളിത്ത താത്പര്യത്തോടൊപ്പം അണിനിരക്കുന്നവരായാണ് എന്നും മതങ്ങളെ ചിന്തകന്മാർ വിശേഷിപ്പിച്ച് പോന്നത്. മാർക്സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നത് തന്നെ, മതവും മുതലാളിത്തവുമായുള്ള ബന്ധത്തെ ക്കുറിച്ച് വിശേഷിപ്പിച്ചുതന്നെ. എന്നാലിതാ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫ്രാൻസിസ് മാർപ്പാപ്പ.

മുതലാളിത്തം മാനവരാശിക്ക് നേരെയുള്ള തീവ്രവാദമാണെന്നാണ് ഫ്രാൻസിസ് മാർപാപ്പ മാധ്യമങ്ങളോട് വിശദീകരിക്കുന്നത്. ലോക സാമ്പത്തിക-രാഷ്ട്രീയ രംഗത്ത് വഴിത്തിരിവാകാവുന്ന പരാമർശമായാണ് ഇതിനെ വിലയിരുത്തിപ്പോരുന്നത്. സഭയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത അധ്യായങ്ങൾ ഇതിനകം തന്നെ എഴുതിച്ചേർത്ത ഫ്രാൻസിസ് പാപ്പയുടെ ഈ പരാമർശം പക്ഷേ അദ്ഭുതത്തോടെയാണ് ലോകം ശ്രവിച്ചത്.

മധ്യേഷ്യയിലേയും യൂറോപ്പിലേയും യുദ്ധങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് മാർപ്പാപ്പ മുതലാളിത്ത ത്തിനും പണത്തിനോടുള്ള ആർത്തിക്കെതിരെയും നീങ്ങിയത്. ‘പണമെന്ന ദൈവ’മാണ് ഈ അക്രമത്തിന് കാരണം. ആഗോളതലത്തിലെ ഈ സാമ്പത്തിക ക്രമമാണ് എല്ലാ അതിക്രമങ്ങൾക്കും മൂല കാരണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നിലവിലെ ആഗോള സാമ്പത്തിക വ്യവസ്ഥ പണത്തെ അടിസ്ഥാനമാക്കിയാണ്, മനുഷ്യനുമായി അതിന് ബന്ധമില്ല. പണത്തെ അടിസ്ഥാനമാക്കിയുള്ള ഈ സാമ്പത്തിക ക്രമമാണ് മാനവരാശിക്കെതിരെയുള്ള ഏറ്റവും വലിയ തീവ്രവാദമെന്നും മാർപ്പാപ്പ പറഞ്ഞു. മറ്റൊരു മാർഗവുമില്ലാത്ത സാഹചര്യത്തിലാണ് തീവ്രവാദം വളരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു

കൊള്ളില്ലെന്ന് മുദ്ര കുത്തി എത്രപേരെയാണ് യൂറോപ്യൻ രാജ്യങ്ങൾ ആട്ടിയകറ്റിയതെന്നും കുടിയേറ്റക്കാരെ ഓർമ്മിപ്പിച്ച് പോപ്പ് ചോദിച്ചു. അവർ മദ്യത്തിലും മയക്കുമരുന്നിലും ചിലർ ഐഎസിലും അഭയം നേടി. ഒരു മതത്തിനും തീവ്രവാദത്തിന്റെ കുത്തകാവകാശമില്ല. ഇസ്ലാമെന്നാൽ തീവ്രവാദമാണെന്ന അഭിപ്രായവും പോപ്പ് തള്ളിക്കളഞ്ഞു. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് പറയുന്നുവെങ്കിൽ, താൻ കത്തോലിക്കൻ തീവ്രവാദത്തെക്കുറിച്ചും പറയണമെന്നും മാർപ്പാപ്പ പറഞ്ഞു.

എല്ലാ ക്രിസ്ത്യാനികളും അക്രമകാരികളല്ല, അതുപോലെ എല്ലാ മുസ്ലീങ്ങളും അക്രമകാരികളല്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റെന്നത് ഇസ്ലാമിനെ ഒരുതരത്തിലും പ്രതിനിഥീകരിക്കുന്നില്ലെന്നും, അതൊരു മതമൗലീകവാദ സംഘം മാത്രമാണെന്നും മാർപാപ്പ വ്യക്തമാക്കി.

എല്ലാ മതങ്ങളിലും എല്ലായ്‌പ്പോഴും മൗലികവാദികളുടെ കൂട്ടമുണ്ടായിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളികളില്‍ പോലും ഉണ്ടായിട്ടുണ്ട്. അവര്‍ ശാരീരികമായി അക്രമിക്കാറില്ല. നാക്കുകള്‍ കൊണ്ടാണ് അത്തരക്കാരുടെ അക്രമമെന്നും മാര്‍പ്പാപ്പ പറഞ്ഞു.

പണത്തിന് വേണ്ടിയും, പ്രകൃതി വിഭവങ്ങള്‍ക്ക് വേണ്ടിയും, അധികാരത്തിന് വേണ്ടിയും യുദ്ധമുണ്ടായിട്ടുണ്ട്. മതങ്ങള്‍ തമ്മിലുള്ള യുദ്ധത്തെപ്പറ്റിയാണ് ഞാന്‍ സംസാരിക്കുന്നതെന്ന് പലര്‍ക്കും തോന്നാം. എന്നാല്‍ എല്ലാ മതങ്ങളും സമാധാനമാണ് ആഗ്രഹിക്കുന്നത്. മറ്റു ചിലരാണ് യുദ്ധം ആഗ്രഹിക്കുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു.

എന്നും ജനപക്ഷ തീരുമാനങ്ങളുമായി മുന്നോട്ട് പോയ വിപ്ലവകാരിയായ മാർപ്പാപ്പയായാണ് ഫ്രാൻസിസ് പാപ്പ അറിയപ്പെടുന്നത്. കുടിയേറ്റക്കാരുടെയും അന്യമതക്കാരുടെയും കാൽകഴുകി ദിവ്യബലി ആചരിച്ചതും, ക്യൂബ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള സൗഹൃദവുമെല്ലാം ഈ പാപ്പയെ വ്യത്യസ്തനാക്കി. തൊഴിലാളികൾക്കും പാവങ്ങൾക്കും വേണ്ടി ശക്തമായ വാക്കുകളാണ് എന്നും ഫ്രാൻസിസ് പാപ്പ ഉയർത്തിയത്. ഈ തരത്തിൽ ഒടുവിലത്തേതാണ് ഇപ്പോൾ ഫ്രാൻസിസ് പാപ്പ അഭിപ്രായപ്പെട്ടിരിക്കുന്നത്

DONT MISS
Top