ബ്രിട്ടീഷ് പോപ് ഗായകന്‍ ജോര്‍ജ് മൈക്കിളിനെ മരിച്ച നിലയില്‍ കണ്ടെത്തി

ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് പോപ് ഗായകന്‍ ജോര്‍ജ് മൈക്കിളിനെ മരിച്ച നിലയില്‍ കണ്ടെത്തി. 53 വയസായിരുന്നു. ഞായറാഴ്ച ഒക്‌സ്‌ഫോര്‍ഡ്‌ഷെയര്‍ വസതിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയൊന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് തങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

2011ല്‍ ന്യൂമോണിയ ബാധിച്ച് അദ്ദേഹം ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ അതിശയം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ലോകമെമ്പാടും നിരവധി ആരാധകരുള്ള മൈക്കിളിന്റെ 10 കോടിയിലധികം ആല്‍ബങ്ങള്‍ വിറ്റുപോയിട്ടുണ്ട്.

ഫെയ്ത്ത്(1987), ലിസണ്‍ വിത്ത്ഔട്ട് പ്രെജഡിസ്(1990), ഫൈവ് ലൈവ്(1993), പെഷ്യന്‍സ്(2004), സിംമ്പോണിക്ക(2014) എന്നിവ അദ്ദേഹത്തിന്റെ പ്രധാന ആല്‍ബങ്ങളാണ്. രണ്ടു ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുള്ള മൈക്കിളിന് മൂന്നു ബ്രിറ്റ് പുരസ്‌കാരം, നാല് എംടിവി വീഡിയോ മ്യൂസിക് അവാര്‍ഡ്, മൂന്നു അമേരിക്കന്‍ വീഡിയോ മ്യൂസിക് അവാര്‍ഡ് എന്നിവ അടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top