ഒരു പന്ത് ശേഷിക്കെ ജയിക്കാന്‍ വേണ്ടത് 12 റണ്‍സ്; പക്ഷേ അവര്‍ വിജയിച്ചു, ക്രിക്കറ്റ് ലോകത്തെയാകെ അമ്പരപ്പിച്ചുകൊണ്ട്

വിജയിച്ച ടീമിന്റെ ആഹ്ളദവും അവസാന ഓവര്‍ പന്തെറിഞ്ഞ ബൗളറുടെ നിരാശയും

കളി തീരാന്‍ ഒരു പന്ത് മാത്രം ശേഷിക്കെ വിജയിക്കാന്‍ വേണ്ടത് 12 റണ്‍സാണ്. സ്വാഭാവികമായും ബൗള്‍ ചെയ്യുന്ന ടീമിന്റെ വിജയം എല്ലാവരും ഉറപ്പിച്ചിരിക്കും. എന്നാല്‍ ഫീനിക്‌സ് പക്ഷിയെ അനുസ്മരിപ്പിച്ചുകൊണ്ട് ഒരു ടീം ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ് ഇവിടെ.

ന്യൂസിലാന്‍ഡ് ട്വന്റി-20 ലീഗ് മത്സരത്തിലാണ് ഈ ‘ആന്റി ക്ലൈമാക്‌സ്’ ഉണ്ടായിരിക്കുന്നത്. അവസാന ബോള്‍ എറിഞ്ഞ ബൗളറുടെ ഒരു പിഴവ്. പക്ഷേ അതിന് കൊടുക്കേണ്ടി വന്ന വില സ്വന്തം ടീമിന്റെ പരാജയമായിരുന്നു. അവസാന ഓവര്‍ എറിഞ്ഞ ഫാസ്റ്റ് ബൗളര്‍ ഗ്രയിം ആല്‍ഡ്രിഡ്ജ് ഇപ്പോള്‍ സ്വയം ശപിക്കുന്നുണ്ടാകാം. എങ്ങനെ പന്തെറിഞ്ഞാലും ജയിക്കാമെന്ന ഘട്ടത്തിലെത്തിയതിന്റെ അമിത ആത്മവിശ്വാസമായിരിക്കാം ചിലപ്പോള്‍ വിനയായിട്ടുണ്ടാവുക.

അവസാന പന്ത് പൊക്കിയെറിഞ്ഞ ഗ്രയിം തീരെ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. ബാറ്റില്‍ കൊണ്ട പന്ത് വിക്കറ്റ് കീപ്പറെ കബളിപ്പിച്ച് നേരെ പോയത് ബൗണ്ടറിയിലേക്കാണ്. അതോടൊപ്പം പന്തെറിഞ്ഞത് ബാറ്റ്‌സ്മാന്റെ അരയ്ക്ക് മുകളിലാണ് പന്തെറിഞ്ഞത് എന്നതിനാല്‍ അത് നോ ബോളാണെന്ന് അമ്പയര്‍ വിധിക്കുകയും ചെയ്തു.

ബൗളിംഗ് ടീമൊന്നാകെ ഞെട്ടിത്തരിച്ചു പോയെങ്കിലും അവര്‍ പ്രതീക്ഷ കൈവിട്ടില്ല. അടുത്ത പന്തില്‍ സിക്‌സ് അടിക്കാതെ നോക്കിയാല്‍ മതിയല്ലോ. എന്നാല്‍ ആ നോബോളോടെ തന്നെ സമ്മര്‍ദ്ദത്തിലായ ബൗളര്‍ ഗ്രയിം എറിഞ്ഞ പന്ത് ബാറ്റ്‌സ്മാനായ ആന്‍ഡ്രെ ആദംസ് അനായാസം സിക്‌സര്‍ പറത്തി.

അങ്ങനെ ക്രിക്കറ്റ് ലോകത്തെയൊന്നാകെ അമ്പരപ്പിച്ചു കൊണ്ട് അവര്‍ സ്വപ്‌ന തുല്യമായ വിജയം കരസ്ഥമാക്കി. ന്യൂസിലാന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ നോ ബോള്‍ എറിഞ്ഞാല്‍ രണ്ട് റണ്‍സ് എക്‌സ്ട്രാസ് കിട്ടുമെന്നതാണ് ബാറ്റിംഗ് ടീമിന് തുണയായത്. അങ്ങനെ നോബോളിലെ ഫോറിലൂടെ നേടിയ നാല് റണ്‍സും, നോബോളിന്റെ രണ്ട് റണ്‍സും, അവസാന പന്തിലെ ആറ് റണ്‍സും കൂടിയായപ്പോള്‍ ‘ഒരു ബോളില്‍ 12 റണ്‍സ്’ എന്ന ബാലികേറാമല അനായാസം കയറിയിരിക്കുകയാണ് ഈ ന്യൂസിലാന്‍ഡ് ടീം.

ആ വിജയത്തിന്റെ വീഡിയോ:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top