തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ 5000 കോടി രഹസ്യമായി എത്തിച്ചതായി റിപ്പോര്‍ട്ട്

ലക്‌നൗ: ഇന്ത്യയില്‍ ഉടനീളം നോട്ട് നിരോധനത്തിലൂടെ പ്രതിസന്ധി നേരിടുമ്പോള്‍ ഉത്തര്‍പ്രദേശിലേക്ക് 5000 കോടി രൂപ എത്തിച്ചുനല്‍കിയതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ നോട്ട് പ്രതിസന്ധിയില്ലെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നതിനിടെയാണ് 5000 കോടി എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ബാങ്കുകളില്‍ 50000 രൂപ വരെ പിന്‍വലിക്കാന്‍ അനുവദിക്കുന്നുണ്ടെന്നും 1650 കോടി രൂപ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ വിതരണം ചെയ്തതായും ഒരു ബിജെപി പ്രവര്‍ത്തകന്‍ അവകാശപ്പെട്ടു. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും ഇത്തരത്തില്‍ പണം ഒഴുകുന്നതായാണ് വിവരം.

എന്നാല്‍ ഇതേസംബന്ധിച്ച് വിശദീകരിക്കാന്‍ റിസര്‍വ് ബാങ്ക് തയാറായില്ല. ഓരോ സംസ്ഥാനത്തിനും നല്‍കിയ പണത്തിനെ സംബന്ധിച്ച് വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് ആര്‍ബിഐ നിലപാട്. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലുള്ള സമയത്താണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത്. ഈ മാസം 17ന്, 5000 കോടി രൂപ ഉത്തര്‍പ്രദേശിനു നല്‍കിയെന്ന തരത്തില്‍ ഒരു ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രത്യക വിമാനത്തില്‍ പണമെത്തിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top