മൂന്നാം അങ്കത്തിനൊരുങ്ങി ദുരെെ സിങ്കം; സിങ്കം 3 ജനുവരി 27 ന് തിയേറ്ററുകളിലെത്തും

ചെന്നെെ: സൂര്യ നായകനാകുന്ന ആക്ഷന്‍ ചിത്രം സിങ്കം 3 ജനുവരി 27 ന് തീയേറ്ററുകളിലെത്തും. നേരത്തെ ക്രിസ്മസിന്  റിലീസ് ചെയ്യുമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാറ്റിവെയ്ക്കുകയായിരുന്നു. സൂര്യയുടെ മാസ് എന്‍റര്‍ട്രെയ്നര്‍ സിങ്കത്തിന്റെ മൂന്നാം വരവ് ഒരല്‍പ്പം വൈകുമെങ്കിലും വീര്യം ഒട്ടും കുറയില്ലെന്നാണ് അണിയറക്കാരുടെ പക്ഷം.

ക്രിസ്മസ് ആഘോഷങ്ങളെ കൈപ്പിടിയിലാക്കാന്‍ എത്തുമെന്നറിയിച്ച സിങ്കം പക്ഷേ ഒരുമാസത്തിനപ്പുറം ജനുവരി 27 നാണ് റിലീസ് ചെയ്യുക. രാജ്യത്ത് മുഴുവന്‍ അലയടിക്കുന്ന നോട്ട് നിരോധന പ്രശ്നങ്ങളുടേയും തമിഴ്നാടിനെ പിടിച്ചുലച്ച വര്‍ദ ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുന്നതെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

മാത്രമല്ല ബോക്സ് ഓഫീസില്‍ ഒരു ക്ലാഷ് ഒഴിവാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടത്രേ. ജനുവരിയില്‍ തന്നെയാണ് വിജയ്‌യുടെ ഭൈരവയും ഋതിക്കിന്റെ കാബിലും ഷാറുഖ് ഖാന്റെ റായിസും റിലീസ്. അതുകൊണ്ടാണ് എല്ലാം കഴിഞ്ഞ് മാസാവസാനത്തിലേയ്ക്ക് സിങ്കത്തെ മാറ്റിയത് എന്നും സൂചനയുണ്ട്. തമിഴിലും തെലുങ്കിലും തയ്യാറാക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹരിയാണ്. സൂര്യക്കൊപ്പം അനുഷ്ക ഷെട്ടി, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തില്‍  അണിനിരക്കുന്നു.

DONT MISS
Top