“എന്റെ മകള്‍ക്ക് ഞാന്‍ മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞ നിമിഷം എല്ലാം നിര്‍ത്തി”: കമലുമായുള്ള ബന്ധം വേര്‍പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി ഗൗതമി

ഫയല്‍ ചിത്രം

കമല്‍ഹാസനുമായുള്ള ബന്ധം വേര്‍പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി നടി ഗൗതമി രംഗത്ത്. തന്റെ മകളോടുള്ള കമല്‍ഹാസന്റെ സമീപനമാണ് വേര്‍പിരിയലിന് കാരണമെന്നാണ് ഗൗതമി തുറന്നു പറഞ്ഞിരിക്കുന്നത്.

കമല്‍ തന്റെ മകളായ സുബ്ബലക്ഷ്മിയെ അവഗണിച്ചിരുന്നതായി ഗൗതമി പറയുന്നു. “സുബ്ബുവിന് സിനിമയില്‍ നിന്ന് അവസരങ്ങള്‍ വന്നിരുന്നു. പക്ഷെ അപ്പോഴെല്ലാം അദ്ദേഹം കണ്ടില്ലെന്ന് നടിച്ച് മാറി നില്‍ക്കുകയായിരുന്നു. അപ്പോള്‍ എനിക്ക് മനസിലായി എന്റെ മകള്‍ക്ക് ഞാന്‍ മാത്രമേ ഉള്ളൂ എന്ന്”. ഗൗതമി തുറന്ന് പറഞ്ഞു.

13 വര്‍ഷം നീണ്ട ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കുന്നതായി നവംബര്‍ ഒന്നിനാണ് ഗൗതമി പ്രഖ്യാപിച്ചത്. മകള്‍ക്ക് വേണ്ടിയാണ് തീരുമാനമെന്ന് അന്ന് ഗൗതമി പറഞ്ഞിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിരുന്നില്ല.

ഫയല്‍ ചിത്രം

“ഏതൊരു പെണ്ണിന്റേയും ജീവിതത്തിലെ ബുദ്ധിമുട്ടേറിയ തീരുമാനമായിരിക്കും ഇത്. ഒരു അമ്മയാണ് ഞാന്‍. എന്റെ മകള്‍ക്ക് നല്ലൊരു അമ്മയായി ജീവിക്കാനുള്ള ഉത്തരവാദിത്വവും എന്നിലുണ്ട്. അതിന് ആദ്യം വേണ്ടത് എന്നില്‍ തന്നെ സമാധാനം ഉണ്ടായിരിക്കുക എന്നതാണ്”. വേര്‍പിരിയല്‍ വാര്‍ത്ത പുറത്തുവിട്ടുകൊണ്ടുള്ള ബ്ലോഗില്‍ ഗൗതമി പറഞ്ഞു.

ഏവരേയും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായിട്ടായിരുന്നു കമല്‍ഹാസനുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന വിവരം ഗൗതമി പുറത്തുവിട്ടത്. “ആരേയും കുറ്റപ്പെടുത്താനോ സിമ്പതി പിടിച്ചുപറ്റാനോ അല്ല ഈ കുറിപ്പ്. മാറ്റം എല്ലാവര്‍ക്കും അനിവാര്യമാണ്. നമ്മള്‍ ആഗ്രഹിക്കുന്നതോ പ്രതീക്ഷിക്കുന്നതോ ആയ മാറ്റങ്ങളല്ല ഉണ്ടാവാറുള്ളത്. എന്നാല്‍ ഈ മാറ്റം തനിക്ക് അനിവാര്യമാണ്”. ഗൗതമി അന്ന് കുറിച്ചു. സിനിമയില്‍ വന്നത് മുതല്‍ കമലഹാസനെന്ന കഴിവുറ്റയാളുടെ ആരാധികയായിരുന്നു താനെന്നും അദ്ദേഹത്തിന്റെ കഴിവിനേയും നേട്ടങ്ങളേയും എന്നും ആരാധിച്ചിട്ടുമുണ്ടെന്നും ഗൗതമി പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ കൂടെ ഉണ്ടാവാന്‍ സാധിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളെന്നും താരം വ്യക്തമാക്കിയിരുന്നു.

DONT MISS
Top