ക്രിക്കറ്റില്‍ മാത്രമാണ് ശ്രദ്ധ, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ല; പ്രചാരണങ്ങളെ തള്ളി ഹര്‍ഭജന്‍ സിംഗ്

ജലന്തര്‍: രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ പാടെ തള്ളി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് സജീവമാകുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചു തുടങ്ങിയിട്ടില്ലെന്നും ഇപ്പോള്‍ തന്റെ ക്രിക്കറ്റ് കരിയറില്‍ മാത്രമാണ് ചിന്തയെന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി.

വരുന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ജലന്ദറില്‍ നിന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ ഹര്‍ഭജന്‍ ജനവിധി തേടുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും എവിടെ നിന്നാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഒരു പാര്‍ട്ടിയുടേയും ലേബലില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നില്ല. എന്നാല്‍ പഞ്ചാബില്‍ വെച്ച് നടക്കുന്ന മുഷ്താഖ് അലി ട്വന്റി-20 മത്സരത്തിലിറങ്ങുന്നുണ്ടെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. തന്നെ സംബന്ധിച്ചടുത്തോളം ക്രിക്കറ്റിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നായിരുന്നു റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കളുമായി ഹര്‍ഭജന്‍ ചര്‍ച്ച നടത്തിയതായി ദേശീയമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള യാതൊരു വിധത്തിലുള്ള ചര്‍ച്ചയും ഇതുവരെ ആരുമായും നടത്തിയിട്ടില്ലെന്ന് അദ്ദേഹം റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു.

DONT MISS
Top