മുന്തിരിവള്ളികള്‍ തളിര്‍ക്കുകയാണ്…ജയചന്ദ്രന്റെ മനോഹര ഈണത്തില്‍ ശ്രേയയും വിജയ് യേശുദാസും പാടിയ ഗാനം; കാണാം മേക്കിംഗ് വീഡിയോ

ഫയല്‍ ചിത്രം

തിയേറ്ററുകളും വിതരണക്കാരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ക്രിസ്മസ് റിലീസുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. അവയിലൊന്ന് മോഹന്‍ലാല്‍ നായകനാകുന്ന മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ്. ജിബു ജേക്കബ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ മീനയാണ് നായിക.

റിലീസ് പ്രതിസന്ധിക്കിടെ ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തുവന്നിരിക്കുകയാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗായകര്‍ ശ്രേയ ഘോഷലും വിജയ് യേശുദാസും. ഗാനത്തിന്റെ മേക്കിംഗ് വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. എം ജയചന്ദ്രന്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

ചിത്രത്തിലെ ആദ്യഗാനം നേരത്തെ പുറത്തുവന്നിരുന്നു. പഞ്ചായത്ത് സെക്രട്ടറി ഉലഹന്നാനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. സന്തോഷവും സമാധാനവും നിറഞ്ഞ ഉലഹന്നാന്റെ കുടുംബ ജീവിതത്തിലെ തമാശകളും രസകരമായ നിമിഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഉലഹന്നാന്റെ ഭാര്യ ആനിയെ അവതരിപ്പിക്കുന്നത് മീനയാണ്. സൂപ്പര്‍ ഹിറ്റായ ദൃശ്യത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

വിജെ ജെയിംസിന്റെ പ്രശസ്ത ചെറുകഥയായ പ്രണയോപനിഷത്തിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് സിന്ധുരാജാണ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.

DONT MISS