‘ചെപ്പോക്കിലെ ചെപ്പ് നിറയെ റെക്കോര്‍ഡുകള്‍’; ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ പിന്നിട്ട നാഴികക്കല്ലുകള്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് കഴിഞ്ഞ് ഇന്ത്യ ചെപ്പോക്കില്‍ നിന്നും മടങ്ങുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ അവശേഷിപ്പിക്കുന്നത് വെറുമൊരു വിജയം മാത്രമായിരിക്കില്ല. ചെപ്പോക്കിന്റെ ചെപ്പ് നിറയെ റെക്കോര്‍ഡുകള്‍ നിറച്ചാണ് ഇന്ത്യ കളിയവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനെ ചെന്നൈയിലും വീഴ്ത്തി 4-0 ന് പരമ്പര കരസ്ഥമാക്കിയ ഇന്ത്യ പിന്നിട്ട നാഴികക്കല്ലുകള്‍ എണ്ണിയാലൊടുങ്ങില്ല.

ചെന്നെെയില്‍ ടീം ഇന്ത്യ കുറിച്ച റെക്കോര്‍ഡുകള്‍ 

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരമ്പര വിജയത്തിനൊപ്പമാണ് കോഹ്ലിയുടെ വിരാട കുമാരന്മാര്‍ എത്തിയിരിക്കുന്നത്. 2013 ല്‍ ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ടീം ഓസ്‌ട്രേലിയയെ 4-0 ന് പരാജയപ്പെടുത്തിയിരുന്നു.

ഒരു ടെസ്റ്റ് പരമ്പരയില്‍ മുന്നൂറിലധികം റണ്‍സും 25 ല്‍ അധികം വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഓള്‍റൗണ്ട് റെക്കോര്‍ഡ് നേട്ടവുമായി അശ്വിന്‍. അഞ്ച് ടെസ്റ്റില്‍ നിന്നും 306 റണ്‍സും 28 വിക്കറ്റുമാണ് അശ്വിന്റെ സമ്പാദ്യം.

ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്കിനിത് നാണക്കേടിന്റെ പരമ്പരയാണ്. ആദ്യ ഇന്നിംഗ്‌സില്‍ 477 റണ്‍സ് അടിച്ചിട്ടും ഒരു ടീം ഇന്നിംഗ്‌സ് പരാജയം ഏറ്റുവാങ്ങുന്നത് ഇതാദ്യമായാണ്. മുമ്പത്തെ റെക്കോര്‍ഡും ഇംഗ്ലണ്ടിന്റെ പേരില്‍ തന്നെയാണ്. 2001 ആഷസില്‍ ആദ്യ ഇന്നിംഗ്‌സില്‍ 432 റണ്‍സെടുത്തിട്ടും ഇംഗ്ലണ്ട് തോറ്റിരുന്നു.

ഇന്ത്യയുടെ വിജയശില്‍പ്പി രവീന്ദ്ര ജഡേജയുടെ ആദ്യ പത്ത് വിക്കറ്റ് നേട്ടമാണിത്. 10 വിക്കറ്റ് കൂടാതെ അര്‍ധ സെഞ്ച്വറിയും നാല് ക്യാച്ചുകളും നേടി ജഡ്ഡു ടെസ്റ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മാറി. അക്ഷാര്‍ത്ഥത്തില്‍ ഒരു ഓള്‍റൗണ്ട് പ്രകടനം.

തുടര്‍ച്ചയായ രണ്ട് ടെസ്റ്റിലും ആദ്യ ഇന്നിംഗ്‌സില്‍ 400 നേടാന്‍ സാധിച്ചിട്ടും ജയിക്കാന്‍ കഴിയാതെ പോയെന്ന നാണക്കേടിന് അര്‍ഹരായ രണ്ടാമത്തെ ടീമുമായി ഇംഗ്ലീഷ് പട.

ഈ പരമ്പരയില്‍ മറ്റൊരു മനോഹര കാഴ്ച്ച ജഡേജയും കുക്കും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ആറ് തവണയാണ് കുക്ക് സര്‍ ജഡേജയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. അതും 12.50 ന്റെ കേവല ശരാശരിയില്‍.

ചെന്നൈയില്‍ നിന്നും ഇംഗ്ലണ്ട് മടങ്ങുന്നത് തലതാഴ്ത്തിയാണ്. ഈ വര്‍ഷം ഇംഗ്ലണ്ട് ഏറ്റുവാങ്ങിയ എട്ടാമത്തെ ടെസ്റ്റായിരുന്നു ചെന്നൈയിലേത്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റനായിരുന്നിട്ടും കുക്ക് തോറ്റത് 22 ടെസ്റ്റില്‍. ഇതും ഒരു റെക്കോര്‍ഡാണ്.

ചെന്നൈയിലെ വിജയത്തോടെ ഇന്ത്യയുടെ ഈ വര്‍ഷത്തെ ഒമ്പതാമത്തെ വിജയമാണിത്. പരാജയമറിയാത്ത തുടര്‍ച്ചയായ 18 ടെസ്റ്റുകള്‍. രണ്ടും റെക്കോര്‍ഡുകള്‍. ആദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി 18 ടെസ്റ്റുകളില്‍ വിജയിക്കുന്നത്. മുമ്പ് ഈ റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ പേരിലായിരുന്നു. 16 ടെസ്റ്റുകളിലാണ് ഓസീസ് തുടര്‍ച്ചയായി വിജയിച്ചത്. രണ്ട് വട്ടം ഈ നേട്ട കൈവരിച്ച ഓസീസിനെ രണ്ട് വട്ടവും തടഞ്ഞത് ഇന്ത്യയാണ്.

ഈ വര്‍ഷം പരാജയമറിയാതെ പൂര്‍ത്തിയാക്കിയ ടീമെന്ന അപൂര്‍വ്വ നേട്ടവും ഇതോടെ ഇന്ത്യയ്ക്ക് സ്വന്തം.

DONT MISS
Top