നേപ്പാളില്‍ ആര്‍ത്തവകാലത്ത് ഛൗപ്പാടി ആചരിച്ച 15കാരി മരിച്ചു; നടപ്പിലാക്കിയത് നിരോധിക്കപ്പെട്ട അനാചാരം

ഛൗപ്പാടി ഷെഡുകള്‍

കാഠ്മണ്ഡു: ആര്‍ത്തവത്തിന്റെ പേരില്‍ നിരോധിത ആചാരം അനുഷ്ഠിക്കേണ്ടി വന്ന പെണ്‍കുട്ടിക്ക് ദാരുണ അന്ത്യം. പടിഞ്ഞാറന്‍ നേപ്പാളിലെ അച്ച്‌റാം ജില്ലയിലാണ് സംഭവം നടന്നത്. 15 കാരിയായ റോഷ്‌നി തിരുവ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിരോധിച്ച അനാചാരമായ ഛൗപ്പാടി പ്രകാരം പെണ്‍കുട്ടിയെ ആവര്‍ത്തവ സമയത്ത് ഷെഡ്ഡില്‍ ഒറ്റയ്ക്ക് താമസിപ്പിക്കുകയായിരുന്നു.

തണുപ്പകറ്റാന്‍ ഷെഡില്‍ തീകത്തിച്ചപ്പോള്‍ ഉണ്ടായ പുക ശ്വസിച്ചാണ് കുട്ടി മരിച്ചതെന്ന് കരുതുന്നതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ ബദ്രി പ്രസാദ് ധാക്കല്‍ വ്യക്തമാക്കി. പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നിരോധിക്കപ്പെട്ട അനാചാരമാണ് വീണ്ടും അനുഷ്ഠിച്ചതെന്നും സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് സംഭവം നടന്നത്.

നേപ്പാളില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ഹിന്ദു ആചാരമാണ് ഛൗപ്പാടി. ആര്‍ത്തവത്തെ അശുദ്ധമായി കണ്ട് ഈ സമയത്ത് സ്ത്രീകളെ ചെറു ഷെഡ്ഡിലോ പശുത്തൊഴുത്തിലോ താമസിക്കാന്‍ നിര്‍ബന്ധിതരാക്കുന്നതാണ് ഈ ആചാരം.

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നുള്ള ദൃശ്യം

വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന മകളെ ശനിയാഴ്ച നേരം പുലര്‍ന്നിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് റോഷ്‌നിയുടെ അച്ഛന്‍ നേപ്പാളി ദിനപ്പത്രമായ മൈ റിപ്പബ്ലിക്കയോട് പറഞ്ഞു. പ്രദേശത്തെ രാഷ്ട്രഭാഷാ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് റോഷ്‌നിയെന്ന് പത്രത്തില്‍ പറയുന്നു. ആര്‍ത്തവത്തിന്റെ മൂന്നാം ദിനമാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഛൗപ്പാടി എന്ത്

ഹിന്ദുസ്ത്രീകള്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ആചാരമാണ് ഛൗപ്പാടി. ഈ ആചാരം അനുസരിച്ച് സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് വീട്ടുജോലികളില്‍ നിന്നും വിട്ടുനില്‍ക്കണം. പ്രസവ ശേഷം കുടുംബത്തിലെ പുരുഷന്‍മാരുമായി ഒരു ബന്ധവും പാടില്ല. ഹിന്ദു വിഭാഗത്തിലെ എല്ലാ ജാതിക്കാര്‍ക്കും നിയമം ബാധകമാണ്. ഈ ആചാരം പാലിക്കാത്ത സ്ത്രീകള്‍ക്ക് കൃഷി നാശം, രോഗങ്ങള്‍, മൃഗങ്ങളുടെ പെട്ടെന്നുള്ള മരണം എന്നിവയുടെ പേരില്‍ പഴി കേള്‍ക്കേണ്ടി വരും.

ഛൗപ്പാടി നിരവധി മരണങ്ങള്‍ക്കും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്കും പാമ്പിന്റെ കടിയേല്‍ക്കല്‍, വിവിധ രോഗങ്ങള്‍, ബലാത്സംഗം, മാനസിക പ്രശ്‌നങ്ങള്‍, നവജാത ശിശുക്കളുടെ മരണം എന്നിവയ്ക്ക് കാരണമായിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഛൗപ്പാടി ഷെഡുകള്‍

എന്നാല്‍ അടുത്തിടെ ചില പെണ്‍കുട്ടികള്‍ ആചാരത്തിനെതിരെ രംഗത്തെത്തി. ഇവര്‍ ഛൗപ്പാടി അനുഷ്ഠിക്കാനുള്ള ഷെഡുകള്‍ കത്തിക്കുകയും ചില വില്ലേജുകളെ ഛൗപ്പാടിരഹതി സ്ഥലങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് 2005 ല്‍ രാജ്യത്തെ സുപ്രീം കോടതി ഈ ആചാരം നിരോധിച്ചു. എന്നാലും ചില വില്ലേജുകളില്‍ ഇത് വളരെ ശക്തമായി നിലനിന്നിരുന്നു. പ്രത്യേകിച്ച് മലമ്പ്രദേശങ്ങളില്‍. 2011 ലെ യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം അച്ച്‌റാം ജില്ലയില്‍ 95 ശതമാനം സ്ത്രീകളും ഇപ്പോഴും ഛൗപ്പാടി ആചരിക്കുന്നുണ്ട്.

അനാചാരം പൂര്‍ണമായും നിരോധിക്കാന്‍ പ്രാദേശിക നേതാക്കള്‍ ശക്തമായി രംഗത്തുവരണമെന്ന് നേപ്പാള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം മോഹ്ന അന്‍സാരി അഭിപ്രായപ്പെട്ടു. നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കാന്‍ അധികൃതര്‍ ഇച്ഛാശക്തി കാട്ടുന്നില്ലെന്നും അവര്‍ പറഞ്ഞു. ഈ അനാചാരത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനും ജനങ്ങളുടെ നിലപാട് തിരുത്തുന്നതിനും ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് മോഹ്ന വ്യക്തമാക്കി.

DONT MISS
Top