‘ഇതിന് വേണ്ടിയാണ് ഞങ്ങള്‍ കളിക്കുന്നത്; ഗ്യാലറിയിലെ നിലയ്ക്കാത്ത ആരവം ആവേശം കൊള്ളിക്കുന്നൂവെന്ന് ഇയാന്‍ ഹ്യൂം

കൊച്ചി: ഐഎസ്എല്ലിന്റെ ഫൈനല്‍ കാണാന്‍ അണിഞ്ഞൊരുങ്ങി, കലൂരിലെ സ്റ്റേഡിയത്തിലേക്ക് കടല് കയറി വന്നിരിക്കുകയാണ്. കളി വിജയിക്കുക എന്ന വാശിയേക്കാള്‍ താരങ്ങളെ ഉത്തേജിപ്പിക്കുന്നത് ആരവമവസാനിക്കാത്ത ഗ്യാലറിയാണ്. കൊച്ചിയിലെ സ്റ്റേഡിയവും ആരാധകരും പകരുന്ന ആവേശത്തെക്കുറിച്ച് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോററും ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗ്യമുദ്രയുമായിരുന്ന ഇയാന്‍ ഹ്യൂ കൊച്ചിയുടെ ആവേശത്തെ ഫെയ്‌സ് ബുക്ക് ലൈവിലൂടെ കാണിച്ച് തരികയാണ്.

ഇതിന് വേണ്ടിയാണ് ഞങ്ങള്‍ കളിക്കുന്നത്. എല്ലാവരുടേയും കഠിനാധ്വാനം മുഴുവന്‍ ഈ ആവേശ ഭരിതമായ അന്തരീക്ഷത്തിനായാണ്. ഇതായിരുന്നു ഹ്യൂമിന്റെ വാക്കുകള്‍.ഗ്യാലറിയിലെ ആവേശത്തെക്കുറിച്ച് സംസാരിച്ച ഹ്യൂം തന്റെ ടീമായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ താരങ്ങള്‍ക്ക് കളിക്കാനുള്ള ആവേശവും കാണികള്‍ക്ക് ഉദ്വേഗഭരിതമായ 90 മിനുറ്റുകളും നേര്‍ന്നു.

നേരത്തെ കൊച്ചിയിലെ സ്‌റ്റേഡിയത്തേയും ആരവത്തേയുമെല്ലാം കുറിച്ച് കൊല്‍ക്കത്തയുടെ കോച്ച് മൊലീനോയും സംസാരിച്ചിരുന്നു. ഫൈനലില്‍ കൊല്‍ക്കത്ത മുട്ടാന്‍ പോകുന്നത് ബ്ലാസ്‌റ്റേഴ്‌സിന്റെ പതിനൊന്ന് പേരോട് മാത്രമല്ല, പന്ത്രണ്ടാമനായി ടീമിന്റെ എറ്റവും വലിയ കരുത്തായ മഞ്ഞയില്‍ കുളിച്ച ഗ്യാലറിയേയുമാണ്. ടീമിന്റെ മുഴുവന്‍ കരുത്തും മഞ്ഞപ്പടയെന്ന ആരാധകരുടെ കൂട്ടമാണ്. അവര്‍ക്കുമുമ്പില്‍ ബ്ലാസ്‌റ്റേഴ്‌സ് തോല്‍ക്കില്ലെന്ന് കൊല്‍ക്കത്തയുടെ കോച്ച് ജോസ് മൊലീനയ്ക്കും വ്യക്തമായറിയാം.

ഫൈനലിനായി ഇതിലും മികച്ചൊരു സ്‌റ്റേഡിയം കണ്ടെത്തുക അസാധ്യമാണ്. അവസാനമായി അവിടെ കളിക്കാനിറങ്ങിയത് മികച്ച അന്തരീക്ഷത്തില്‍ തന്നെയായിരുന്നു. ഫൈനലാകുമ്പോള്‍ അവിടെ കളിക്കുന്നതിന്റെ ഫീല്‍ ഭയങ്കരമായിരിക്കും. കൊല്‍ക്കത്തയുടെ തന്ത്രങ്ങള്‍ മെനയുന്ന സ്പാനിയാര്‍ഡ് മൊലീനയുടെ വാക്കുകളാണിത്. കൊച്ചിയിലേക്ക് പുറപ്പെടും മുമ്പ് കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഗില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ കൊല്‍ക്കത്ത 1-0 ന് പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ കാലത്തില്‍ ജീവിക്കുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ല, അത് കളി ജയിക്കാന്‍ സഹായിക്കില്ലെന്നായിരുന്നു മൊലീനയുടെ മറുപടി. സ്വന്തം ഗ്രൗണ്ടായതിനാല്‍ കൊച്ചിയിലെ ആരാധകരുടെ പിന്തുണ ബ്ലാസ്‌റ്റേഴ്‌സിനായിരിക്കും. അതുകൊണ്ട് തന്നെ ഗ്യാലറിയെ നിശബ്ദമാക്കാന്‍ ഞങ്ങളുടെ താരങ്ങള്‍ കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കും എന്നുറപ്പാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടീമിനെ ഫൈനല്‍ വരെ എത്തിച്ചത് ടീം സ്പിരിറ്റും കഠിനാധ്വാനവുമാണ്. അതിനാല്‍ ഫൈനലിലും അതുതന്നെയായിരിക്കും തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ പ്രകടനത്തെക്കുറിച്ച് തുടക്കത്തില്‍ സംശയിച്ചവരുണ്ട്, അവര്‍ക്കുള്ള മറുപടിയായിരിക്കും കിരീട വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top