ഓളപ്പരപ്പില്‍ ആടിത്തിമിര്‍ത്ത് മുന്തിരിവള്ളികള്‍; മോഹന്‍ലാല്‍ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്


കൊച്ചി: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മോഹന്‍ലാല്‍ ചിത്രം മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോളിലെ ആദ്യ ഗാനം പുറത്തിറങ്ങി. മധുവാസുദേവന്‍ രചിച്ച് ജിതിന്‍ രാജ് ആലപിച്ച ‘പുന്നമട കായല്‍’ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചുണ്ടന്‍ വള്ളവും നെല്‍പ്പാടങ്ങളുമൊക്കെയായി കുട്ടനാടന്‍ സൗന്ദ്യര്യവും ഒപ്പിയെടുക്കുന്ന ആദ്യ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്.

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോളിലെ ആദ്യ ഗാനം

പുലിമുരുകന് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തീയേറ്ററുടമകളും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഉള്‍പ്പെടേയുള്ള മലയാള ചിത്രങ്ങളുടെ റിലീസ് അനിശ്ചിത്തത്വത്തിലാണ്.

ചിത്രത്തിന്‍റെ ട്രെയ്ലര്‍

പഞ്ചായത്ത് സെക്രട്ടറി ഉലഹന്നാനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. സന്തോഷവും സമാധാനവും നിറഞ്ഞ ഉലഹന്നാന്റെ കുടുംബ ജീവിതത്തിലെ തമാശകളും രസകരമായ നിമിഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഉലഹന്നാന്റെ ഭാര്യ ആനിയെ അവതരിപ്പിക്കുന്നത് മീനയാണ്. സൂപ്പര്‍ ഹിറ്റായ ദൃശ്യത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

വിജെ ജെയിംസിന്റെ പ്രശസ്ത ചെറുകഥയായ പ്രണയോപനിഷത്തിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് സിന്ധുരാജാണ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top