അഭയാര്‍ഥികളായി സൗദിയിലെത്തിയ യമന്‍ പൗരന്‍മാര്‍ക്ക് ആറു മാസത്തേക്ക് കൂടി ഇഖാമ പുതുക്കി നല്‍കും

റിയാദ്:  അഭയാര്‍ഥികളായി സൗദി അറേബ്യയിലെത്തിയ യമന്‍ പൗരന്‍മാര്‍ക്കു ആറു മാസം കൂടി താമസാനുമതി രേഖ പുതുക്കി നല്‍കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവു പുറപ്പെടുവിച്ചു. ഈ മാസം 18 ഞായറാഴ്ച മുതല്‍ ആറുമാസം കാലാവധിയുളള ഇഖാമ പുതുക്കി നല്‍കുമെന്ന് പാസ്‌പോര്‍ട് വകുപ്പ് അറിയിച്ചു.

ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സൗദിയില്‍ അഭയം തേടിയവര്‍ക്കു ആറു മാസം കാലാവധിയുളള താമസാനുമതി രേഖ നല്‍കാന്‍ സൗദി അറേബ്യ നേരത്തെ തീരുമാനിച്ചിരുന്നു. അഭയാര്‍ഥികള്‍ക്കു ആറു മാസം മുമ്പു പുതുക്കി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡാണ് വീണ്ടും ആറു മാസത്തേക്ക് പുതുക്കി നല്‍കാന്‍ രാജാവ് ഉത്തരവിട്ടത്. ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും യമന്‍ പൗരന്‍മാര്‍ക്ക് താമസാനുമതി രേഖ നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ പാസ്‌പോര്‍ട് വകുപ്പിന് നിര്‍ദേശം നല്‍കി.

തിരിച്ചറിയല്‍ രേഖ ഓണ്‍ലൈനില്‍ പുതുക്കുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയതായി പാസ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചു. യമന്‍ പൗരന്‍മാര്‍ പാസ്‌പോര്‍ട് ഓഫീസുകളില്‍ നേരിട്ടു ഹാജരാകേണ്ട ആവശ്യമില്ല. 100 റിയാല്‍ ഫീസ് അടച്ച് ഞായറാഴ്ച മുതല്‍ ഓണ്‍ലൈന്‍ സേവനമായ അബ്ഷിര്‍ വഴി ഇഖാമ പുതുക്കുന്നതിനു സൗകര്യമുണ്ടെന്നും പാസ്‌പോര്‍ട് വകുപ്പ് വ്യക്തമാക്കി.

അഭയാര്‍ഥികളായി സൗദിയിലെത്തിയ യമന്‍ പൗരന്‍മാര്‍ക്ക് തൊഴില്‍ നേടുന്നതിനും കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നതിനും നേരത്തെ അനുമതി നല്‍കിയിരുന്നു. ഇവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളില്‍ സൗജന്യ ചികിത്സയും അനുവദിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top