സിന്ധുവിന്റെ പ്രതികാരം; ഒളിമ്പിക്‌സ് ജേതാവ് കരോലീന മാരിനെ കീഴടക്കി പി വി സിന്ധു വേള്‍ഡ് സൂപ്പര്‍ സീരിസ് സെമിഫൈനലില്‍

ദുബായ്: റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ കരോലീന മാരിനോടേറ്റ തോല്‍വിക്ക് പി വി സിന്ധുവിന്റെ ചൂടന്‍ പ്രതികാരം. ബിഡബ്ല്യൂഎഫ് സൂപ്പര്‍ സീരീസ് ഫൈനല്‍ ടൂര്‍ണമെന്റിലേക്കുള്ള സൈമി ഫൈനല്‍ ടിക്കറ്റാണ് കരോലീന മാരിനെ നേരിട്ടുള്ള സെറ്റിന് കീഴടക്കി പി വി സിന്ധു സ്വന്തമാക്കിയത്. സ്‌കോര്‍: 21-17 21-13

വനിതാ സിംഗിള്‍സ് വിഭാഗം ഗ്രൂപ്പ് ബി മത്സരത്തില്‍ കരോലീന മാരിനെ നേരിടാനിറങ്ങിയ സിന്ധു, തുടക്കം മുതല്‍ക്കെ ആക്രമണ ശൈലിയാണ് പുറത്തെടുത്തത്. 46 മിനിറ്റ് ദൈര്‍ഘ്യമേറിയ പോരാട്ടത്തില്‍ ഇരു താരങ്ങളും ഏറെ വാശിയോടെ പൊരുതി. സിന്ധുവിനൊപ്പം ആക്രമണ ശൈലിയില്‍ മറുപടി നല്‍കിയ കരോലീന മാരിന്‍, മത്സരത്തിന്റെ വേഗത വര്‍ധിപ്പിച്ചു.

മത്സരത്തിന്റെ തുടക്കത്തില്‍ 2-0 എന്ന ആധിപത്യം പുലര്‍ത്തിയ സിന്ധു, പക്ഷെ പലപ്പോഴും മാരിന്റെ ഷോട്ടുകളെ പ്രതിരോധിക്കുന്നതില്‍ പിഴവ് വരുത്തി. തത്ഫലമായി ആദ്യ സെറ്റില്‍ ഇരുവരും ബലാബലമാണ് സ്‌കോറിങ്ങ് നടത്തിയത്. ഒരു ഘട്ടത്തില്‍ 13-12 എന്നതില്‍ നിന്നും 16-12 എന്ന സ്‌കോറിലേക്ക് സിന്ധു നേരിയ ആധിപത്യം നേടിയെങ്കിലും വിട്ട് കൊടുക്കാന്‍ മാരിന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ബേസ് ലൈനില്‍ മാരിന്‍ വരുത്തിയ പിഴവിനെ മുതലെടുത്ത് സിന്ധു നടത്തിയ നീക്കങ്ങള്‍ ആദ്യ ഗെയിം സ്വന്തമാക്കുന്നതില്‍ നിര്‍ണായകമായി.

രണ്ടാം ഗെയിമില്‍ സിന്ധുവിനെ കോര്‍ട്ടിന് തലങ്ങും വിലങ്ങും പായിച്ച് മാരിന്‍ മത്സരത്തിന്റെ നിയന്ത്രണം നേടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മത്സരത്തിന്റെ പാതി വഴിയില്‍ 11-6 എന്ന ആധിപത്യം സിന്ധു നേടിയത്, മാരിന്റെ പ്രകടനത്തെ ബാധിച്ചു. തുടര്‍ന്ന് 17-10 എന്ന സ്‌കോറില്‍ നിന്നും 21-13 എന്ന ഗെയിം സ്‌കോര്‍ സ്വന്തമാക്കി സിന്ധു വിജയിച്ചപ്പോള്‍, നേടിയത് വെറും സെമി ഫൈനല്‍ ടിക്കറ്റ് മാത്രമായിരുന്നില്ല, റിയോയിലേറ്റ തോല്‍വിയുടെ പ്രതികരാം കൂടിയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top