ലോകത്തെ ശക്തരായ നേതാക്കളില്‍ പുടിന്‍ ഒന്നാമന്‍; നരേന്ദ്രമോദി ഒന്‍പതാം സ്ഥാനത്ത്

വ്ളാദിമിര്‍ പുടിന്‍, നരേന്ദ്രമോദിദില്ലി : ലോകത്തെ ശക്തരായ നേതാക്കളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്‍പതാം സ്ഥാനത്ത്. ഫോബ്‌സ് മാസിക പുറത്തുവിട്ട ശക്തരായ 74 ഭരണാധികാരികളുടെ പട്ടികയിലാണ് മോദി ആദ്യ പത്തിലിടം പിടിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് രണ്ടാമത്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ മൂന്നാം സ്ഥാനത്തെത്തി.

തുടര്‍ച്ചയായ നാലാം തവണയാണ് പുടിന്‍ ലോകനേതാക്കളുടെ പട്ടികയില്‍ ഒന്നാമതെത്തുന്നത്. അതേസമയം രണ്ടാം സ്ഥാനത്തെത്തിയ ഡൊണള്‍ഡ് ട്രംപിന്റെ കുതിപ്പാണ് ഏറെ ശ്രദ്ധേയമെന്ന് ഫോബ്‌സ് മാസിക കോണ്‍ട്രിബൂട്ടിംഗ് എഡിറ്റര്‍ ഡേവിഡ് എവാള്‍ട്ട് പറഞ്ഞു. കഴിഞ്ഞവര്‍ഷം 72 ആം സ്ഥാനത്തായിരുന്നു ട്രംപ്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നാലാമതും, ഫ്രാന്‍സിസ് മാര്‍പാപ്പ അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് ഏഴാം സ്ഥനത്ത്. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബുക്ക് പത്താമതും, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സെ ഒളാന്ദെ 23 ആം സ്ഥാനത്തും എത്തിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പട്ടികയില്‍ 48 ആം സ്ഥാനത്താണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ( 38 ആം സ്ഥാനം ), മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ( 51 ), ആപ്പിള്‍ സിഇഒ ടിം കുക്ക് (32), ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ (43), ഐസ് തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദി(57 ആം സ്ഥാനം) എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവരുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചകളും, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മോദിയുടെ നിലപാടുകളുമാണ് അന്താരാഷ്ടരതലത്തില്‍ മോദിയെ ലോകനേതാക്കളുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതെന്ന് മാസിക വിലയിരുത്തുന്നു.

ടൈം മാസിക സംഘടിപ്പിച്ച പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പിന്തള്ളി ഡൊണള്‍ഡ് ട്രംപ് പുരസ്‌കാരം നേടിയിരുന്നു. ആദ്യഘട്ടത്തില്‍ നരേന്ദ്രമോദി കുതിപ്പ് നടത്തിയെങ്കിലും അവസാനഘട്ടത്തില്‍ പിന്തള്ളപ്പെടുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top