അടിച്ചേൽപ്പിക്കുന്ന ദേശീയതയോട് വിയോജിപ്പ്, അതിരുകടക്കാതെയുള്ള പ്രതികരണങ്ങൾ ആവശ്യം; തുറന്നുപറഞ്ഞ് വിനയ് ഫോർട്ട് (അഭിമുഖം)

3 ചിത്രങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയില്‍ നില്‍കുമ്പോള്‍ വിനയ് ഫോര്‍ട്ട് തീര്‍ത്തും സന്തോഷവാനാണ്. കിസ്മത്, കമ്മട്ടിപാടം, ഗോഡ്‌സെ എന്നി ചിത്രങ്ങള്‍ മേളയിലെ മലയാള സിനിമ വിഭാഗത്തില്‍ ശ്രദ്ധ ക്ഷണിക്കുന്ന സിനിമകളായി പ്രദര്‍ശനം തുടരുന്നു.

വിനയ് ഫോര്‍ട്ട് റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുന്നു:

മൂന്ന് ചിത്രങ്ങളിലൂടെ ഈ മേളയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ എന്ത് തോന്നുന്നു?

തീര്‍ച്ചയായും സന്തോഷം ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ മേളയില്‍ പ്രധാനം ഗോഡ്‌സെ ആണ്. ബാക്കി 2 ചിത്രങ്ങളും തീയേറ്റര്‍ പ്രദര്‍ശനം കഴിഞ്ഞു ജനങ്ങളിലേക്ക് എത്തിയ ചിത്രങ്ങള്‍ ആണ്. എന്നാല്‍ ഗോഡ്‌സെയെ പറ്റിയുള്ള പ്രതികരണം അറിയാന്‍ ഉള്ള ആദ്യ വേദിയാണ് ഈ മേള. തീര്‍ത്തും വ്യത്യസ്തമായ ഒരു കാലഘട്ടമാണ് ഗോഡ്‌സെ ചര്‍ച്ച ചെയ്യുന്നത്. ഗോഡ്‌സെയിലെ ഹരിശ്ചന്ദ്രന്‍ ഞാന്‍ ചെയ്ത ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ്. ഒരു മദ്യപാനിയെ ഞാന്‍ ഇതിന് മുന്‍പ് അവതരിപ്പിച്ചിട്ടില്ല. ഹരിശ്ചന്ദ്രന്റെ ജീവിതത്തിലെ ഓരോ കാലഘട്ടവും അവതരിപ്പിക്കുക എന്നത് ഒരു വെല്ലുവിളി ആയിരുന്നു. ഞാന്‍ ഇതുവരെ ഏറ്റവും കൂടുതല്‍ അധ്വാനിച്ചതും ഈ കഥാപാത്രത്തിന് വേണ്ടിയാണ്. ഒരു താരമോ ഒരു പ്രശസ്തനായ സംവിധായകനോ ഇല്ലാത്തത് കൊണ്ട് മാത്രം ഒരു വര്‍ഷമായി വിതരണം ചെയ്യപ്പെടാതെ പോയ ചിത്രമാണ് ഗോഡ്‌സെ. കിസ്മത്തിലെ അജയ് മേനോന്‍ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് അറിയാവുന്ന കഥാപാത്രമാണ്, അത് കൊണ്ട് തന്നെ താരതമ്യേന എനിക്ക് ആ കഥാപാത്രം അവതരിപ്പിക്കാന്‍ എളുപ്പം ആയിരുന്നു. പക്ഷെ ഹരിശ്ചന്ദ്രന്‍ അങ്ങനെ ആയിരുന്നില്ല.

ഹരിശ്ചന്ദ്രന്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു എന്ന് പറഞ്ഞല്ലോ. എന്തൊക്കെ ആയിരുന്നു കഥാപാത്രത്തിനായുള്ള തയാറെടുപ്പുകള്‍?

ഹരിശ്ചന്ദ്രന്‍ ഒരു മദ്യപാനിയാണ്, സാഹിത്യബോധം ഉള്ള ഒടുവില്‍ ഗാന്ധിസം സ്വീകരിക്കുന്ന ഒരു കഥാപാത്രമാണ്. ഞാന്‍ ജീവിതത്തില്‍ മദ്യപ്പിക്കാത്ത ഒരാള്‍ ആണ്. അതുപോലെ തന്നെ ഹരിശ്ചന്ദ്രന്‍ യോഗ ചെയ്യുന്ന സീനുകള്‍ അഭിനയിക്കാന്‍ വീണ്ടും യോഗ പരിശീലനം തുടങ്ങേണ്ടി വന്നു. അതുപോലെ മദ്യപാനിയായി അഭിനയിക്കാന്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ ആവശ്യമായി വന്നു. കഥാപാത്രത്തിന്റെ പല കാലഘട്ടങ്ങള്‍ അഭിനയിക്കാന്‍ ഭാരം കൂടുന്നതും കുറയ്ക്കുന്നതും ആലോചിച്ചുവെങ്കിലും ചിത്രീകരണം തടസങ്ങള്‍ നേരിട്ടതിനാല്‍ ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

ദേശീയഗാനത്തെ സംബന്ധിച്ച വിവാദങ്ങളെ പറ്റി എന്താണ് അഭിപ്രായം.?

വ്യക്തിപരമായി എനിക്ക് ഈ നിയമത്തോട് എതിര്‍പ്പുണ്ട്. അടിച്ചേല്‍പിക്കപ്പെടുന്ന ദേശീയതയാണിത്. 5 പ്രദര്‍ശനങ്ങള്‍ക്കും നിര്‍ബന്ധിതമായി എഴുന്നേല്‍കേണ്ടി വരുമ്പോള്‍ പ്രതികരണങ്ങള്‍ സ്വാഭാവികമാണ്. ഇഷ്ടത്തോടെ അല്ലാതെ ദേശീയഗാനത്തെ ബഹുമാനിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങളാണ് പ്രതിഷേധങ്ങളിലേക്ക് നയിക്കുന്നത്.

ഐഎഫ്എഫ്‌കെ പ്രതിഷേധങ്ങള്‍ക്ക് വേദിയാകേണ്ടതുണ്ട് എന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായും. മലയാളികള്‍ എന്നും അവരുടെ പ്രതിഷേധങ്ങളും പ്രതികരങ്ങളും തുറന്ന് പറയുന്നവരാണ്. പ്രതിഷേധങ്ങള്‍ വേണം എന്ന് പറയുമ്പോഴും അത് ആവശ്യപെടുന്ന അതിരുകള്‍ കടന്ന് പോകാതെ നോക്കേണ്ടതുണ്ട്. പ്രതിഷേധങ്ങള്‍ വ്യക്തിപരമായ പ്രശസ്തിക്കോ നേട്ടങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കാതെ ഇരിക്കേണ്ടത് അത്യാവശ്യമാണ്.

സിനിമ പ്രവത്തകര്‍ക്കായി പ്രത്യേക പ്രദര്‍ശനങ്ങളെ അനുകൂലിക്കുന്നുണ്ടോ?

വ്യക്തിപരമായി ആ തീരുമാനത്തോട് യോജിപ്പില്ല. ആ സൗകര്യം ഇത് വരെ ഉപയോഗിക്കാത്ത ഒരാളാണ് ഞാന്‍. ഇനി ഞാന്‍ അത് ഉപയോഗിച്ച് കൂടാ എന്നില്ല. എങ്കില്‍ കൂടി പ്രേക്ഷകരോടൊപ്പം സിനിമ കാണാന്‍ എനിക്ക് താല്‍പര്യം. കാരണം ഐഎഫ്എഫ്‌കെ ഒരു ചലച്ചിത്ര മേള എന്നതിന് അപ്പുറം സൗഹൃദങ്ങള്‍ ഉണ്ടാകാനും പുതിയ ആള്‍ക്കാരെ പരിചയപ്പെടാനും ഒക്കെയുള്ള ഒരു വേദിയാണ്. മേളയെ ഞാന്‍ അങ്ങനെ ഒരു വേദിയായാണ് ഞാന്‍ കാണുന്നത്.

വരാന്‍ ഇരിക്കുന്ന സിനിമകള്‍?

ഗോഡ്‌സെ, അവരുടെ രാവുകള്‍ എന്നി സിനിമകള്‍ ഉടനെ റിലീസ് ചെയ്യും. ജോര്‍ജേട്ടന്‍സ് പൂരം ഷൂട്ടിംഗ് കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷനിലാണ്, റോള്‍ മോഡല്‍സ് ഷൂട്ടിംഗ് നടക്കുന്നു.

DONT MISS
Top