അപ്പോളോ ആശുപത്രിയുടെ സെര്‍വെര്‍ ഹാക്ക് ചെയ്തു; ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു; പുറത്തു വന്നാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്ന് മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചികിത്സിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയുടെ വെബ് സെര്‍വെര്‍ ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കര്‍ ഗ്രൂപ്പായ ലീജിയനാണ് അപ്പോളോയുടെ സെര്‍വെറിലുള്ള വിവരങ്ങള്‍ ചോര്‍ത്തിയതായി അവകാശപ്പെട്ട് രംഗത്തെത്തിയത്. അമേരിക്കന്‍ മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റിന് മെസഞ്ചര്‍ മുഖേനെ നല്‍കിയ അഭിമുഖത്തിലാണ് ലീജിയന്‍ ഗ്രൂപ്പ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്.

തങ്ങള്‍ ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ പുറത്തുവിടുകയാണെങ്കില്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്നാണ് ലീജിയന്‍ പറയുന്നത്. സെപ്റ്റംബര്‍ 22 മുതലാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജ്ജലീകരണവും കാരണമാണ് ജയയെ അപ്പോളോയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതലുള്ള ജയലളിതയെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. വളരെ കുറച്ചുപേര്‍ മാത്രമാണ് ആശുപത്രിവാസത്തിനിടെ ജയലളിതയെ കണ്ടത്. ഡിസംബര്‍ 5-ന് മുന്‍പ് തന്നെ ജയലളിത മരിച്ചിരുന്നുവെന്നും മൃതദേഹം എംബാം ചെയ്ത് വെച്ചിരിക്കുകയായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും തങ്ങള്‍ ചോര്‍ത്തി എന്നാണ് ലീജിയന്‍ അവകാശപ്പെടുന്നത്. ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ പോന്ന വിവരങ്ങളാണ് തങ്ങള്‍ ചോര്‍ത്തിയത് എങ്കിലും വിവരങ്ങള്‍ പുറത്തുവിടുക തന്നെ ചെയ്യും എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ വാര്‍ത്തയെ ആശങ്കയോടെയാണ് വിവിധ വൃത്തങ്ങള്‍ നോക്കിക്കാണുന്നത്.

DONT MISS
Top