മാവോയിസ്റ്റ് സാന്നിധ്യം; മലബാറില്‍ സുരക്ഷ ശക്തമാക്കി, 20 സ്റ്റേഷൻ പരിധികളിൽ അതീവ ജാഗ്രത

കോഴിക്കോട്: മാവോയിസ്റ്റുകള്‍ സായുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പുറത്തു വന്നതോടെ മലബാറില്‍ തണ്ടര്‍ബോള്‍ട്ടും പോലീസും സുരക്ഷ വര്‍ധിപ്പിച്ചു. തിരിച്ചടിക്കുമെന്ന സൂചന നല്‍കി പ്രചരിക്കുന്ന ലഘുലേഘകളെയും പോലീസ് ഗൗരവത്തിലാണ് കാണുന്നത്. വനമേഖലയോടു ചേര്‍ന്നു കിടക്കുന്ന പോലീസ് സ്‌റ്റേഷനുകള്‍ക്കും വനംവകുപ്പ് ഓഫീസുകള്‍ക്കുമാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ട മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നെടുങ്കയം, പടുക്ക, കരുളായി എന്നീ സ്‌റ്റേഷനുകളാണ് പട്ടികയിലുള്ളത്. വയനാട്ടില്‍ മേപ്പാടി, തിരുനെല്ലി, വെള്ളമുണ്ട സ്‌റ്റേഷനുകളും പാലക്കാട് ജില്ലയില്‍ അഗളി സ്‌റ്റേഷനും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. കാസര്‍കോട് ജില്ലയില്‍ രാജപുരം, ആതുര്‍ എന്നിവയും കണ്ണൂരില്‍ ആറളം, കരിക്കോട്ടക്കരി, കേളകം എന്നിവയ്ക്കുമാണ് സുരക്ഷാ നിര്‍ദേശം. കോഴിക്കോട് ജില്ലയില്‍ മാത്രം ആറോളം സ്‌റ്റേഷനുകള്‍ക്കാണ് സുരക്ഷാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. കുറ്റ്യാടി, തൊട്ടില്‍പ്പാലം, വളയം, തിരുവമ്പാടി, പെരുവണ്ണാമുഴി എന്നീ സ്‌റ്റേഷനുകളാണിവ. കൊയിലാണ്ടി ഉള്‍പ്പെടെയുള്ള എ.ആര്‍ ക്യാമ്പുകളില്‍ പോലീസ് സായുധ സംവിധാനങ്ങളും പ്രത്യേക കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വനാതിര്‍ത്തികളിലെ സ്‌റ്റേഷനുകളില്‍ സുരക്ഷാ ക്യാമറ, ബീംലൈറ്റുകള്‍ തുടങ്ങിയവയും സജ്ജീകരിക്കപ്പെട്ടുകഴിഞ്ഞു. നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാക്കള്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതിന്‍െ്‌റ തിരിച്ചടിയടിയുണ്ടായേക്കുമെന്ന സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. കഴിഞ്ഞ ദിവസം പെരുവണ്ണാംമുഴി കക്കയം മേഖലയില്‍ തണ്ടര്‍ബോള്‍ട്ട് നടത്തിയ പരിശോധനയും ഇതിന്‍െ്‌റ ഭാഗമാണെന്നാണ് സൂചന. 50 അംഗ സംഘം രണ്ട് ബാച്ചുകളായി ആറ് മണിക്കൂറോളം വനത്തില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായിരുന്നില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top