ഷാരൂഖ് ചിത്രം റയീസിന് എതിരെ പരാതി; വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഷിയാ സുന്നി വിഭാഗം

മുംബൈ: ഷാരൂഖ് ചിത്രം റയീസിന് വീണ്ടും ചൂടുപിടിക്കുന്നു. ഷാറുഖ് ഖാന് നായകനാകുന്ന ചിത്രം തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ഉള്‍പ്പെട്ടതാണെന്ന് സൂചിപ്പിച്ച് ഷിയാ സുന്നി വിഭാഗം മയൂര്‍ വിഹാര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഷിയാ സുന്നി വിഭാഗത്തിന്റെ മതവിശ്വാസങ്ങളെ ഹനിക്കുന്ന രീതിയിലുള്ള രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവിനും സംവിധായകനും എതിരെയാണ് പൊലീസില്‍ പരാതി.

ചിത്രത്തില്‍ ഷിയ സുന്നി വിഭാഗക്കാരുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്ന രീതിയിലുള്ള രംഗങ്ങള്‍ ഉണ്ടെന്ന ആരോപണമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. റയീസ് ട്രെയിലറില്‍ ഷാരൂഖ് ഖാന്‍ കെട്ടിടത്തിന് മുകളിലൂടെ ചാടുന്ന രംഗത്തില്‍ തങ്ങളുടെ ആരാധനായയെയും ഗുരുവിനെയും അപമാനിച്ചുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. മുഹറം ദിനാഘോഷത്തിനിടെയാണ് ഈ രംഗം പ്രത്യക്ഷപ്പെടുന്നത്.

ഷാരൂഖ് ഖാനും സിനിമയുടെ അണിയറപ്രവര്‍ത്തകരും മാപ്പ് പറയണമെന്നാണ് ഇപ്പോള്‍ ഇവരുടെ ആവശ്യം. ഈ രംഗം നീക്കം ചെയ്തില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നും ഇവര്‍ പറയുന്നു. രാഹുല്‍ ധോലാക്കിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ഗുജറാത്തിലെ മദ്യവ്യവസായിയായ അധോലോക നായകനാണ്. മുമ്പും നിരവധി വിവാദങ്ങള്‍ക്ക് ഇടയില്‍ പെട്ടതാണ് ഈ ചിത്രം. ചിത്രത്തിലെ നായിക പാക് നടി മഹീറാ ഖാനെ നീക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ജനുവരി 25 നാണ് റയീസ് റിലീസ് ചെയ്യാനിരിക്കുന്നത്.

DONT MISS
Top