ഈ വര്‍ഷത്തെ ബാലണ്‍ ഡിയോര്‍ റൊണാള്‍ഡോയ്ക്ക് ?; റൊണാള്‍ഡോയുടെ ചിത്രവുമായുള്ള ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ കോപ്പി ചോര്‍ന്നു


പാരീസ്: ഫിഫയുമായി പിരിഞ്ഞതിന് ശേഷം ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയായ ബാലണ്‍ ഡിയോര്‍ ആദ്യമായി നല്‍കുന്ന മികച്ച ലോകഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും പോര്‍ച്ചുഗലിനെ യൂറോകപ്പ് കീരീടത്തിലേക്കും നയിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് ഇത്തവണ പുരസ്‌കാര സാധ്യത.

ബാലണ്‍ ഡിയോറുമായി നില്‍ക്കുന്ന റൊണാള്‍ഡോയുടെ ചിത്രം അച്ചടിച്ച ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ കോപ്പി ലീക്കായാതും ഈ സാധ്യതകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു. ഇത്തവണ പുരസ്‌കാരം നേടിയാല്‍ നാലാമത്തെ പുരസ്‌കാര നേട്ടമായിരിക്കും റൊണാള്‍ഡോയ്ക്കിത്. ലയണ്‍മെസി ഈ നേട്ടത്തിന് അഞ്ച് തവണ അര്‍ഹനായിടുണ്ട്.

ഫ്രാന്‍സ് ഫുട്ബോള്‍ മാസികയുടെ ലീക്കായ കോപ്പി

ഫിഫയും ഫ്രാന്‍സ് ഫുട്‌ബോളും തമ്മിലുള്ള കരാര്‍ ജനുവരിയില്‍ അവസാനിച്ചിരുന്നു. കരാര്‍ ഇനി പുതുക്കുന്നില്ലെന്ന വിവരം ആഗസ്റ്റ് ആദ്യ വാരം തന്നെ ഫ്രാന്‍സ് ഫുട്‌ബോളിനെ അറിയിച്ചിരുന്നുവെന്ന് ഫിഫ വ്യക്തമാക്കിയിടുണ്ട്. 1956ല്‍ ആരംഭിച്ച ബാലണ്‍ ഡിയോര്‍ ലോകത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനാണ് സമ്മാനിക്കുന്നത്. തുടക്കത്തില്‍ മികച്ച യൂറോപ്യന്‍ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരമായിരുന്നു ഇത്.

പിന്നീട്  2010 ല്‍ ഫിഫയുമായി ചേര്‍ന്നാണ് ലോക ഫുട്‌ബോളര്‍ പുരസ്‌കാരമായി മാറിയത്. ബ്ലാക്ക്പൂള്‍ താരമായിരുന്ന സ്റ്റാന്‍ലി മാത്യുവാണ് ആദ്യത്തെ ബാലണ്‍ ഡിയോര്‍ പുരസ്‌കാര ജേതാവ്.  ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററാണ് ബാലന്‍ ഡി ഓര്‍ ലോകോത്തര പുരസ്‌കാരമാക്കുന്നതില്‍ ചുക്കാന്‍ പിടിച്ചത്.

എന്നാല്‍ പുതുതായി സ്ഥാനമേറ്റ ജിയാനി ഇന്‍ഫാന്റീനോയ്ക്ക് ഫ്രാന്‍സ് ഫുട്‌ബോളുമായി പല കാര്യങ്ങളിലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതാണ് കരാര്‍ അവസാനിപ്പിക്കാന്‍ കാരണമായതെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. അതേസമയം ലോകഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ പുരസ്കാര പ്രഖ്യാപനം ജനുവരി ഒമ്പതിന് സൂറിക്കിലുണ്ടാവും.

DONT MISS
Top