നാളെ ഉച്ചയോടെ ആന്ധ്രാ തീരങ്ങളില്‍ ‘വാര്‍ദാ’ ചുഴലിക്കാറ്റ് വീശും; ആന്ധ്രയിലും ചെന്നൈയിലും കനത്ത മഴ

അമരാവതി: വാര്‍ദാ ചുഴലിക്കാറ്റ് ആന്ധ്രാ തീരം ലക്ഷ്യമാക്കി നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രാ തീരങ്ങളിലും ചെന്നൈയിലും കനത്ത മഴ. നെല്ലൂരില്‍ നിന്നും 490 കിലോമീറ്റര്‍ അകല നിലകൊള്ളുന്ന ചുഴലിക്കാറ്റ്, നാളെ ഉച്ചയോടെ ശ്രീഹരിക്കോട്ടയ്ക്കും കൃഷ്ണപട്ടണത്തിനും ഇടയില്‍ വീശുമെന്ന് കാലാവസ്ഥാ നീക്ഷണ കേന്ദ്രം അറിയിച്ചു.

100 കിലോമീറ്റര്‍ വേഗതയില്‍ മേഖലയില്‍ കാശുവീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് അടിയന്തര സാഹചര്യം ഉടലെടുത്തതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു നാളെ മുതല്‍ നടത്താനിരുന്ന ഗള്‍ഫ് സന്ദര്‍ശനം മാറ്റി വെച്ചു. 2014 ഒക്ടോബറില്‍ ആന്ധ്രാ തീരത്ത് വീശിയ ഹുദ്ഹുദ് ചുഴലിക്കാറ്റിന്റെ തീവ്രത വാര്‍ദാ ചുഴലിക്കാറ്റിനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഇന്ന് അറിയിച്ചിരുന്നു.

വിശാഖപട്ടണത്തിനും മച്ചിലിപട്ടണത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്ന കൊടുങ്കാറ്റ് അടുത്ത 12 മണിക്കൂറിനകം ആന്ധ്രാതീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രയുടെ തീരമേഖലകളായ നെല്ലൂര്‍, കാക്കിനഡ തുടങ്ങിയ പ്രദേശങ്ങളില്‍ തിങ്കളാഴ്ച ഉച്ചയോടെ കൊടുങ്കാറ്റും ശക്തമായ മഴയും ഉണ്ടായേക്കുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ആവശ്യപ്പെട്ടു. കടലിലുള്ള മല്‍സ്യതൊഴിലാളികള്‍ തീരത്തേയ്ക്ക് മടങ്ങാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാര്‍ദാ ചുഴലിക്കാറ്റ് എത്തുന്നതിന് മുന്നോടിയായി കിഴക്ക്, പടിഞ്ഞാറന്‍ ഗോദാവരി, കൃഷ്ണ, ഗുണ്ടൂര്‍, പ്രകാശം ജില്ലകളില്‍ ഞായറാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വാര്‍ദാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രാ പ്രദേശില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും അടിയന്തര തയ്യാറെടുപ്പുകള്‍ നടത്താനും മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

DONT MISS
Top