ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ ഗോള്‍ വേട്ട; ഇംഗ്ലണ്ടിനെ തകര്‍ത്തത് മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍

ലക്‌നൗ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയുടെ തേരോട്ടം തുടരുന്നു. ഗോള്‍മഴ പെയ്ത മത്സരത്തില്‍ ഇംഗ്ലണ്ടിനെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചു. ആദ്യ ഗോള്‍ വഴങ്ങിയതിന് ശേഷം തുടര്‍ച്ചയായി അഞ്ച് ഗോളുകള്‍ നേടിയാണ് ഇന്ത്യ ഇഗ്ലീഷ് പടയെ തുരത്തിയത്.

പത്താം മിനുറ്റില്‍ തന്നെ ജാക് ക്ലീയുടെ ഉജ്ജ്വല ഗോളിലൂടെ ഇംഗ്ലണ്ട് ലീഡെടുത്തു. ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്ന് കളിച്ച നീലപ്പടയെ പിടിച്ച് കെട്ടാന്‍ പാട്‌പെടുന്ന ഇംഗ്ലണ്ടിനെയാണ് പിന്നീട് കണ്ടത്. ഒന്നിന് പുറകേ ഒന്നായി തുരുതുരാ അഞ്ച് ഗോളുകള്‍ ഇംഗ്ലണ്ടിന്റെ ഗോള്‍ വല നിറച്ചു.

24ആം മിനുറ്റില്‍ പര്‍വീന്ദര്‍ സിംഗാണ് ഇന്ത്യന്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ ഗോള്‍ നേടിയതിന്റെ ആത്മവിശ്വാസത്തില്‍ കളം നിറഞ്ഞ് കളിച്ച ഇന്ത്യക്ക് വേണ്ടി 35ആം മിനുറ്റില്‍ അര്‍മാന്‍ ഖുറേഷി അടുത്ത ഗോളും നേടി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ചുണക്കുട്ടികള്‍ എതിര്‍ ഗോള്‍വല കുലുക്കി. ഹര്‍മന്‍പ്രീത് സിംഗ്(37), സിംമ്രന്‍ജീത് സിംഗ്(45), വരുണ്‍ കുമാര്‍(59) എന്നിവരുടെ ഗോളുകള്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

തുടരെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് സന്ദര്‍ശകര്‍ ഇന്ത്യയെ വിറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നീലപ്പട കുലുങ്ങിയില്ല. 63ആം മിനുറ്റില്‍ വില്‍ കാള്‍നനും, 67ആം മിനുറ്റില്‍ എഡ്വാര്‍ഡ് ഹോര്‍ലറുമാണ് ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോളുകള്‍ നേടിയത്.

ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ 4-0നാണ് കാനഡയെ ഇന്ത്യ കെട്ടുകെട്ടിച്ചത്. അവസാന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top