രാധികാ ആപ്‌തെയുടെ ശരീരമല്ല, കഥാപാത്രമാണ് പ്രിയപ്പെട്ടതെന്ന് പ്രഖ്യാപിച്ച് കാണികള്‍; വിവാദചിത്രം പാര്‍ച്ചഡിന് വന്‍വരവേല്‍പ്പ്

പാര്‍ച്ചഡിലെ ഒരു രംഗം

തിരുവനന്തപുരം: ‘ഞാന്‍ ഒരു അഭിനേത്രിയാണ്. എന്റെ ജോലിക്ക് എന്താണ് ആവശ്യമോ അത് ഞാന്‍ ചെയ്യുന്നു. എനിക്ക് മറ്റൊന്നും ഒരു വിഷയമേ അല്ല. സ്വന്തം ശരീരത്തിനോട് ബഹുമാനമില്ലാത്തവര്‍ക്കാണ് മറ്റുള്ളവരുടെ നഗ്‌നത കാണാനേറെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്.’ ഈ വാക്കുകള്‍ ഒരിക്കലും സിനിമ പ്രേമികള്‍ക്ക് മറക്കാനാവില്ല. പാര്‍ച്ച്ടിലെ നഗ്‌നരംഗം ലീക്കായപ്പോള്‍ രാധിക ആപ്‌തെ നല്‍കിയ വിശദീകരണമാണത്. അനേകം ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിച്ച വിവാദ ചിത്രം പാര്‍ച്ചഡിന്റെ കേരള അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലെ ആദ്യപ്രദര്‍ശനം ഉത്സവാന്തരീക്ഷത്തില്‍ അരങ്ങേറി.

ലീന യാദവ് സംവിധാനം ചെയ്ത ചിത്രം അനേകം അന്താരാഷ്ട്രീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചുവെങ്കിലും കേരളത്തിലെ ആദ്യ പ്രദര്‍ശനമായിരുന്നു ഇത് . രാധികയുടെ നഗ്‌നദൃശ്യങ്ങള്‍ സിനിമ ഇറങ്ങുന്നതിനു മുന്‍പ് ലീക്കായിരുന്നു. ഈ രംഗങ്ങള്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ മേളയിലെ കാണികള്‍ക്ക് നഗ്‌നത ഒരു സംസാരവിഷയമേ അല്ല. സിനിമയിലെ ധീരമായ സ്ത്രീചുവടുവെപ്പുകളെയെല്ലാം നിറഞ്ഞ കൈയടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.

ബോളിവുഡ് താരം അജയ് ദേവഗണും, അസിം ബജാജും ചേര്‍ന്നു നിര്‍മ്മിച്ച പര്‍ച്ചാഡ് ലീന യാദവാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ടൊറന്റോ ചലിച്ചിത്രളേയില്‍ പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദുരിതപൂര്‍ണ്ണമായ ദാമ്പത്യ ജീവിതം വലിച്ചെറിയുന്ന നാല് സ്ത്രീകളുടെ കഥയാണു ചിത്രം പറയുന്നത്. ഇതില്‍ രാധിക ആപ്‌തെ അവതരിപ്പിക്കുന്ന കഥാപാത്രം ലജ്ജോ തന്റെ ദുരിതജീവിതം വിവരിക്കുന്നതിനിടയില്‍ നഗ്‌നയാകുകയും ആദില്‍ ഹുസൈന്‍ അവതരിപ്പിക്കുന്ന കഥാപത്രവുമായി രതിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന രംഗങ്ങളുണ്ട്. ഈ രംഗങ്ങളാണ് വിവാദങ്ങള്‍ക്ക് വഴി ഒരുക്കിയത്

എന്നാല്‍ നിറഞ്ഞ സദസില്‍ സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ കാണികള്‍ കൈ അടിച്ചു കൊണ്ടാണ് പാര്‍ച്ചഡ് കണ്ടത്. കൈരളി തിയറ്ററില്‍ അവസാനത്തെ ഷോ ആയിരുന്നിട്ടും നിലത്തു ഇരുന്നു കാണുവാന്‍ വരെ ആളുകള്‍ ഉണ്ടായിരുന്നു. മേളയിലെ മികച്ച സിനിമകളിലൊന്നായാണ് സിനിമ വിലയിരുത്തപ്പെടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top