ഗൊദാര്‍ദിനെ മേള മറന്നോ? ഓര്‍മ്മപ്പെടുത്തലുമായി സിനിമാ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം


തിരുവനന്തപുരം: ജീവിച്ചിരിക്കുന്ന ചലച്ചിത്ര പ്രതിഭ കളില്‍ പ്രമുഖനായ ഗൊദാര്‍ദിനെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം മറന്നോയെന്ന ചോദ്യവുമായി ചലച്ചിത്രവിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പ്രധാനവേദിയായ ടാഗോര്‍ തീയറ്ററിന് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്. തിരൂര്‍ മലയാളം സര്‍വകലാശാലയിലെ ചലച്ചിത്ര വിദ്യാര്‍ത്ഥികളാണ് വേറിട്ട മുദ്രാവാക്യവുമായി രംഗത്തെത്തിയത്.

ജീവിച്ചിരിക്കുന്ന മഹാപ്രതിഭയായ ഗൊദാര്‍ദിനെ ഇന്നേ ദിവസം വരെ ഐഎഫ്എഫ്‌കെ പരിഗണിച്ചിട്ടില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പോലും കേരളം ഗൊദാര്‍ദിന് നല്‍കിയില്ല. ഇതിനെതിരെ പ്രതിഷേധിക്കാനും അക്കാദമിയെ ഇക്കാര്യം ഓര്‍മ്മിപ്പിക്കാനുമാണ് ഈ പ്രതിഷേധമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

എന്നും കുഞ്ഞുകുഞ്ഞു പ്രതിഷേധങ്ങളുടെ കേന്ദ്രമാണ് ചലച്ചിത്രോത്സവം. ഇക്കുറിയും പ്രതിഷേധങ്ങള്‍ മേളയില്‍ ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിലും സജീവമായ സമരങ്ങള്‍ക്കും സര്‍ഗാത്മക പ്രതിഷേധങ്ങള്‍ക്കും മേള വേദിയാകുമെന്നാണ് സ്ഥിരം മേളക്കമ്പക്കാരുടെ വിലയിരുത്തല്‍

DONT MISS
Top