എഐഎഡിഎംകെ അധ്യക്ഷയാകാന്‍ ഒരുങ്ങി വികെ ശശികല; ഒ പനീര്‍ശെല്‍വമടക്കം പാര്‍ട്ടി നേതാക്കളുടെ പൂര്‍ണപിന്തുണ

വികെ ശശികല

ചെന്നൈ: എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ച് വികെ ശശികല അണ്ണാ ഡിഎംകെയുടെ പരമാധികാരി ആകുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം അടക്കം പാര്‍ട്ടി നേതൃത്വത്തിലെ ഭൂരിപക്ഷം നേതാക്കളും ശശികല അധ്യക്ഷയാകുന്നതില്‍ അനുകൂല നിലപാട് കൈക്കൊണ്ട് കഴിഞ്ഞു. അതിനിടെ ഭരണത്തില്‍ ഒരുവിധത്തിലും ഇടപെടരുത് എന്ന് സ്വന്തം ബന്ധുക്കള്‍ക്ക് ശശികല നിര്‍ദേശം നല്‍കി.

പോയസ് ഗാര്‍ഡനില്‍ ശശികല വിളിച്ചുചേര്‍ത്ത പാര്‍ട്ടി മന്ത്രിമാരുടെയും നേതാക്കളുടെയും യോഗത്തില്‍ ഭിന്നാഭിപ്രായം ഇല്ലാതെ എല്ലാവരും എത്തിയതോടെ, ശശികലയുടെ സ്ഥാനാരോഹണത്തിന് തടസങ്ങളില്ലെന്ന് ഉറപ്പായി. എം തമ്പിദുരൈയും വി ജയരാമനും പി ധനപാലും അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ ചിന്നമ്മയെ പുതിയ തലൈവിയായി അംഗീകരിച്ച് കഴിഞ്ഞു. നടന്‍ അജിത് ഉള്‍പ്പടെയുള്ളവരുടെ പേര് അധ്യക്ഷസാധ്യതയിലേക്ക് ചൂണ്ടിക്കാട്ടിയിരുന്നു എങ്കിലും ഇതോടെ എല്ലാം അസ്ഥാനത്തായി. കൊയമ്പത്തൂര്‍ എംപി, എപി നാഗരാജനും മുന്‍ എംഎല്‍എ രാജങ്കവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശശികലയെ സ്വാഗതം ചെയ്ത് പത്രപരസ്യവും നല്‍കി.

ജയലളിതക്കൊപ്പം ശശികല (ഫയല്‍ചിത്രം)

ഇതിനിടെ പാര്‍ട്ടിയിലും ഭരണത്തിലും ഒരുതരത്തിലും ഇടപെടരുത് എന്ന് ശശികല ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍ശിയതായാണ് വിവരം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വൈകാതെ ശശികല എത്തുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ അറിയിക്കുന്നത്. കുടുംബാംഗങ്ങള്‍ പറയുന്നതൊന്നും വകവെക്കേണ്ടെന്നും മന്ത്രിസഭാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലും ശശികല പറഞ്ഞു. ശശികലയുടെ നേതൃത്വത്തിലുള്ള മന്നാര്‍ഗുഡി മാഫിയ ജയലളിത സര്‍ക്കാരില്‍ അനധികൃതമായി ഇടപെട്ടിരുന്നു എന്ന ആരോപണത്തിന് ഇടയിലാണ് ശശികലയുടെ പുതിയ നീക്കം.

നിലവില്‍ ശശികലയുടെ എല്ലാ ബന്ധുക്കളും ജയലളിതയുടെ വസതിയായ പൊയസ് ഗാര്‍ഡനിലാണുള്ളത്. ഇവര്‍ എല്ലാവരും തന്നെ ഉടന്‍ ഇവിടം വിടും. എന്നാല്‍ ശശികലയ്ക്കൊപ്പം ഭര്‍തൃ സഹോദരി ഇളവരശി മാത്രം പൊയസ്ഗാര്‍ഡനില്‍ തങ്ങുമെന്നാണ് അറിയുന്നത്.

ജയലളിതക്കൊപ്പം ശശികല (ഫയല്‍ചിത്രം)

2011-ല്‍ ശശികലയെയും ബന്ധുക്കളെയും ജയലളിത പുറത്താക്കിയിരുന്നു എങ്കിലും പിന്നീട് ശശികലയെ മാത്രം തിരിച്ച് വിളിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ബന്ധുക്കളെ അകറ്റി നിര്‍ത്തുകയാണ് എന്ന സന്ദേശം ശശികല തുടക്കത്തിലേ നല്‍കുന്നത്.

എന്നാല്‍ ജയലളിതയുടെ അന്ത്യകര്‍മങ്ങളില്‍ ശശികലയും ബന്ധുക്കളുമാണ് മുന്നില്‍നിന്നത്. ഇത് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്നുണ്ടായ അഭ്യൂഹങ്ങള്‍ക്ക് അവസാനം കുറിക്കാനാണ് പുതിയ മുന്നറിയിപ്പുമായി ശശികല രംഗത്തെത്തിയതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഏതായാലും അമ്മക്ക് ശേഷം വരുന്ന ചിന്നമയെ അണികള്‍ എത്രത്തോളം സ്വീകരിക്കുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top