രാജ്യാന്തര ചലച്ചിത്രമേള: സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഓസ്‌കര്‍ ജേതാവ് ജെറി മെന്‍സില്‍ ഏറ്റു വാങ്ങി

തിരുവനന്തപുരം: ഇന്ന് തിരിതെളിഞ്ഞ ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സമഗ്ര സംഭവനയ്ക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ചെക്ക് സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ ജെറി മെന്‍സില്‍ ഏറ്റു വാങ്ങി. 1966ല്‍ ഏറ്റവും മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി പുരസ്‌കാരം നേടിയ ‘ക്ലോസ്ലി വാച്ച്ഡ് ട്രെയിന്‌സ്’ ആണ് ജെറി മെന്‍സിലിന്റെ ആദ്യചിത്രവും ഏറ്റവും പ്രശസ്തമായ ചിത്രവും. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി പട്ടാളം പിടിച്ചടക്കിയ ചെക്കാണ് സിനിമയുടെ പശ്ചാത്തലം. അക്കാദമി പുരസ്‌കാരം നേടുമ്പോള്‍ മെന്‍സിലിന് 29 വയസുമാത്രമാണു പ്രായം.

ചെക്കോസ്ലോവാക്ക് നവതരംഗ ശൈലിയില്‍ ചിത്രങ്ങള്‍ ചെയ്യുന്ന ഇദ്ദേഹം ആക്ഷേപഹാസ്യങ്ങള്‍ക്കും തത്വചിന്തപരമായ തമാശകള്‍ക്കുമാണ് തന്റെ ചിത്രങ്ങളില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ചെക്ക് നോവലിസ്റ്റ് ബോഹ്യൂമില്‍ ഹ്രബാളിന്റെ നോവലുകളില്‍ നിന്നും സ്വാധീനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം സിനിമകള്‍ സംവിധാനം ചെയ്തിരുന്നത്. 1969ല്‍ അദ്ദേഹം ഹ്രബാളിന്റെ നോവലായ ‘ലാര്‍ക്‌സ് ഓണ്‍ എ സ്ട്രിംഗ്’ സിനിമയാക്കി.

ഈ ചിത്രം ചെക്കൊസ്ലോവാക്കിയന്‍ ഗവണ്മെന്റ് ആ കാലത്ത് നിരോധിക്കുകയുണ്ടായി. എന്നാല്‍ 1990ല്‍ ഈ ചിത്രം ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റുവലിന് പ്രദര്‍ശിപ്പിക്കുകയും ഗോള്‌ടെന്‍ ബെയര്‍ പുരസ്‌കാരം നേടുകയും ചെയ്തു. മേന്‌സിലിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശൈലി കാരണം 1974 വരെ അദ്ദേഹത്തെ സിനിമ ചെയ്യുന്നത്തില്‍ നിന്നും ചെക്ക് ഗവണ്മെന്റ് വിലക്കുകയുണ്ടായി.

രാഷ്ട്രീയവിവാദത്തിനിടയാക്കിയ ലാര്‍ക്‌സ് ഓണ് എ സ്ട്രീങ്ങ്, മൈ സ്വീറ്റ് ലിറ്റില് വില്ലേജ്, ഐ സെര്വ്ഡ് ദ കിങ് ഓഫ് ഇംഗ്ലണ്ട് എന്നിവയാണ് മെന്‍സിലിന്റെ പ്രശസ്തമായ മറ്റു ചിത്രങ്ങള്‍. ലാര്‍ക്‌സ് ഓണ്‍ എ സ്ട്രീങ്ങ് നാല്‍പതാം ബര്‍ലിന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരത്തിനര്‍ഹമായി. മൈ സ്വീറ്റ് ലിറ്റില്‍ വില്ലേജ് 1986ല്‍ അക്കാദമി അവാര്‍ഡിനു നോമിനേറ്റ് ചെയ്യപ്പെട്ടു. 1987ലെ ബര്‍ബില്‍ ഫിലിം ഫെസ്റ്റിവെലിലും മെന്‍സില്‍ ജൂറിയംഗമായിരുന്നു.

DONT MISS
Top