ലോകത്തിലേക്ക് പടരുന്ന മേളക്കമ്പക്കാര്‍, മേളയിലേക്ക് ഇറങ്ങിവരുന്ന ലോകം

ഓരോ ചലച്ചിത്രമേളയും ലോകപര്യടനമാണ്. മേളക്കമ്പക്കാര്‍ ലോകത്തേക്ക് പടരുകയും , ലോകം മേളയിലേക്ക് ഇറങ്ങിവരികയും ചെയ്യുന്നു. പ്രദര്‍ശനശാലകളുടെ ഇരുട്ടില്‍ അജ്ഞാതവാസം കൊണ്ടുകൊണ്ട് സിനിമകള്‍ക്ക് മാത്രമായി നീക്കിവെക്കുന്ന പകലിരവുകള്‍.

ഐഎഫ്എഫ്കെ (ഫയല്‍)

എന്തുകൊണ്ട് കേരളം?
ഇന്ത്യയിലെ ചെറിയ സംസ്ഥാനമാണെങ്കിലും സാമൂഹികമായി വളരെയേറെ മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. സര്‍വ വിധത്തിലുമുള്ള വികസനത്തിലായിരുന്നു എന്നും കേരളത്തിന് ശ്രദ്ധ. മുസ്ലീം, മിഷിണറി പ്രചരണകാലത്തും സോഷ്യലിസ്റ്റ് കാലത്തുമെല്ലാം അടച്ചിട്ട വാതിലുകളായിരുന്നില്ല കേരളത്തിനുണ്ടായിരുന്നത്. ലോകത്തോടൊപ്പം എന്നും പാരസ്പര്യത്തോടെ മുന്നോട്ട് പോയ ഒരു ജനതയായിരുന്നു എന്നും ഇവിടെ. നഗര ഗ്രാമവ്യത്യാസമില്ലാതെ എന്നും ആഗോളമായി ചിന്തിക്കുന്നവരാണെന്നും ഇവിടെ. അതിനാല്‍ തന്നെ അന്താരാഷ്ട്രമേളയെന്ന ആശയം കേരളത്തിന്റെ അനിവാര്യതയായി മാറുന്നു.

കേരളം,സംസ്‌കാരം കൊണ്ട് പടവെട്ടിയ നാട്
കേരളത്തിന്റെ ചരിത്രം തന്നെ രാഷ്ട്രീയപ്രബുദ്ധതയുടെയും കൂടിച്ചേരലിന്റെയുമാണ്. വ്യത്യസ്ത സമൂഹങ്ങള്‍ ഇടകലര്‍ന്നാണ് ഇവിടെ ജീവിക്കുന്നത്. ക്യൂബന്‍ വിപ്ലവത്തിന് മുന്‍പ് തന്നെ കമ്യൂണിസ്റ്റ് ഭരണകൂടം നിലവില്‍ വന്നയിടമാണിവിടം. ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും ലോകത്തിന് മുന്നില്‍ കേരളം തലയുയര്‍ത്തി നില്‍ക്കുന്നതും ഈ മുന്നേറ്റത്തിന്റെ നിലപാട് തറയില്‍ നിന്നുകൊണ്ടുതന്നെയാണ്. കേരളത്തിന് ധന്യമായ ഒരു സാസ്‌കാരിക ചരിത്രമുണ്ട്. അത് ക്ലാസിക്കലും ഫോക്കും ഇടകലര്‍ന്നുള്ള നൃത്തവും ഗാനവും സംഗീതവുമാണ് കേരളത്തിനുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിലെത്തിയപ്പോള്‍ നാടകവും സിനിമയുമായി ഈ സാംസ്‌കാരിക രൂപങ്ങള്‍ വികസിച്ചു. 1956ല്‍ കേരളം ‘നിവര്‍ന്നുനിന്നത്’ ഈ സാംസ്‌കാരിക പൈതൃകത്തിന്റെ കരുത്തില്‍ കൂടിയായിരുന്നു.

പ്രാദേശികതയും ആഗോളീകതയും തമ്മിലുള്ള പാരസ്പര്യം

ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ വിപണികളിലൊന്നാണ് ഇന്ത്യ. അതില്‍ തന്നെ ഏറ്റവും പ്രാമുഖ്യമുള്ള വിപണികളിലൊന്നാണ് പ്രതിവര്‍ഷം 180 സിനിമകളോളം പുറത്തിറങ്ങുന്ന മലയാള സിനിമാ മേഖല. സിനിമയെ ജനങ്ങളിലെത്തിക്കാന്‍ ഏകദേശം 185ഓളം ഫിലിം സൊസൈറ്റി ഫെഡറേഷനുകള്‍ കേരളത്തിലുണ്ട്. പരീക്ഷണ സിനിമയെന്നോ സമാന്തരസിനിമയെന്നോ വിളിക്കപ്പെടുന്ന സിനിമകളെ കേരളത്തില്‍ വളര്‍ത്തിയത് ഫിലിം സൊസൈറ്റികളായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാരല്ല, മറ്റ് കൂട്ടായ്മകളാണ് ഇവിടെ സമാന്തര സിനിമാ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നത്. ചിത്രലേഖയും ഒഡേസയും തുടങ്ങി രവി മുതലാളിപോലും സമാന്തര സിനിമയ്ക്കായി ഇവിടെ പണം മുടക്കുന്നു. കച്ചവടതാല്‍പര്യം ഉണ്ടാകാമെങ്കില്‍ പോലും സ്വകാര്യ വ്യക്തികള്‍ പോലും ഇങ്ങനെ പുരോഗമനപരമായി ചിന്തിക്കുന്നുവെന്നതും പണം ചിലവഴിക്കുന്നുവെന്നതും ആവേശകരമായ കാര്യമാണ്. ഇത്തരം സമാന്തര സിനിമകളും ഒപ്പം ആഗോളസിനിമകളും ഒന്നിച്ചെത്തുന്ന ചലച്ചിത്രോത്സവം, സത്യത്തില്‍ പ്രാദേശികതയും ആഗോളീകതയും തമ്മിലുള്ള പാരസ്പര്യമാണ് വിളംബരം ചെയ്യുന്നത്.

ചലച്ചിത്രോത്സവങ്ങള്‍ അഥവാ ജനാധിപത്യത്തിന്റെ തുറസുകള്‍

1994ല്‍ ആരംഭിച്ച് ഇരുപത്തിയൊന്നാമത് ഉത്സവമാണ് ഇക്കുറിയെത്തിയിരിക്കുന്നത്. വെനീസില്‍ മുസോളിനിയുടെ കാലത്താണ് ആദ്യമായി ചലച്ചിത്രോത്സവം ആരംഭിക്കുന്നത്. ലോകത്തെവിടെയും അധികാരത്തോട് പടവെട്ടിയ ചരിത്രമാണ് കലയ്ക്കുള്ളത്. വെനീസിലെ ഫെസ്റ്റിവല്‍ അധികാരത്തിന്റെ മൂര്‍ത്തമായ അടിച്ചമര്‍ത്തലുകളാണ് പ്രതിനിധാനം ചെയ്യുന്നതെന്നും, ഇതില്‍ നിന്നുള്ള തുറസുകള്‍ ആവശ്യമാണെന്നും പ്രഖ്യാപിച്ചാണ് കാന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചത്. അധികാരത്തിന്റെ മുറുക്കത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള മാറ്റമായാണ് ഇതിനെ ലോകം കണ്ടത്.

ലോകത്തിലെ ഏറ്റവും വലിയ ഫെസ്റ്റിവലുകളായി കണക്കാക്കുന്നത് വെനീസ്, കാന്‍, ബെര്‍ലിന്‍ ഫെസ്റ്റിവലുകളാണ്. ഇന്ത്യയിലുമുണ്ട് നിരവധി ഫെസ്റ്റിവലുകള്‍. ഗോവയും കേരളവും തമ്മില്‍ മുന്‍പ് സൂചിപ്പിച്ച വെനീസ്-കാന്‍ വ്യത്യാസമുണ്ടെന്ന് കാണാനാകും. ഉദ്യോഗസ്ഥന്മാരുടെ പിടിമുറുക്കങ്ങളും ഭീതിയുടെ നിഴലുമാണ് പലപ്പോളും ഗോവയില്‍ ദര്‍ശിക്കാനാകുക. പക്ഷെ, സ്വാതന്ത്ര്യത്തിന്റെ തുറസുകളാണ് എന്നും കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുഖമുദ്ര. ഉദാഹരണത്തിന് കേരളത്തില്‍ പലയിടത്തും കിസ് ഓഫ് ലവ് പ്രതിഷേധമുണ്ടായിരുന്നല്ലോ. ഫാസിസ്റ്റുകള്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഈ സമരങ്ങള്‍ക്ക് നേരെ ആക്രമണവും അഴിച്ചുവിട്ടിരുന്നു. അക്രമകാരികള്‍ക്കൊപ്പമാണ് അന്ന് പോലീസും അണിനിരന്നത്. പക്ഷെ, കിസ് ഓഫ് ലവ് ചലച്ചിത്രോത്സവത്തിലെത്തിയപ്പോള്‍ ചോദ്യം ചെയ്യാനാരും ഉണ്ടായില്ല എന്നത് തന്നെ ഈ ജനാധിപത്യ ചിന്തയെ അടിവരയിടുന്നു.

ആദ്യം മേള, പിന്നെ ചലച്ചിത്ര അക്കാദമി

കേരളത്തില്‍ ചലച്ചിത്ര അക്കാദമി നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ ഫിലിം ഫെസ്റ്റിവലുകള്‍ ആരംഭിച്ചിരുന്നു. വിശ്വനാഥമേനോന്‍ കേരളത്തിന്റെ ധനമന്ത്രിയായ കാലത്ത് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം ഇഎം ശ്രീധരനെന്ന അനിയന്റെ നിര്‍ദേശപ്രകാരമാണ് ചലച്ചിത്രോത്സവത്തിന് ആദ്യമായി ഫണ്ട് നീക്കിവെക്കുന്നത്. പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരാണ് ആദ്യ ചലച്ചിത്രോത്സവം നടത്തിയത്. പികെ നായരും കെഎസ്എഫ്‌സിഡിസിയുമെല്ലാമാണ് ആദ്യ ഫെസ്റ്റിവലിന് ചുക്കാന്‍ പിടിച്ചത്. പിന്നീട് 1998ലാണ് ചലച്ചിത്ര അക്കാദമിയെന്ന ആശയം യാഥാര്‍ത്ഥ്യമായത്.

ഗോവയും കേരളവും തമ്മില്‍

ഗോവ അന്താരാഷ്ട്ര മേള കേന്ദ്രസര്‍ക്കാര്‍ എല്ലാ വര്‍ഷവും ആര്‍ഭാടപൂര്‍വം നടത്താറുണ്ട്. പക്ഷെ, നമ്മുടെ മേള പോലെ മികച്ചതാകാറില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന് കൃത്യമായ കാരണവുമുണ്ട്. യൂറോപ്പിലെ ഫിലിം ഫെസ്റ്റിവലുകളിലെ മികച്ച സിനിമകളാണ് പലപ്പോളും നല്ല സിനിമകളെന്ന പേരോടെ ഗോവയിലെത്തുന്നത്. മറിച്ച് നമ്മുടെ ഫെസ്റ്റിവലിന് ഇതിനെയെല്ലാം മറികടക്കാനുള്ള ഒരു ആയുധമുണ്ട്. ആ ആയുധത്തിന്റെ പേരാണ് ബീനാ പോള്‍ വേണുഗോപാലെന്ന്. വ്യക്തിപരമായി ബീനാ പോളെന്ന സംഘാടക നടത്തുന്ന ഇടപെടലുകളാണ് കേരള ചലച്ചിത്രമേളയെ വിഭിന്നമാക്കുന്നത്. വിദേശത്ത് സഞ്ചരിച്ചും മറ്റ് ബന്ധങ്ങളിലൂടെയും ലോകത്തെ ഏറ്റവും മികച്ച സിനിമകളെന്ന് ആര്‍ക്കും വിധിയെഴുതാനാകുന്ന സിനിമകളെത്തിക്കാനാണ് ബീനാപോളിന്റെ നേതൃത്വത്തില്‍ ചലച്ചിത്ര അക്കാദമി ശ്രമിക്കുന്നത്.

ഗോവ മേളയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ചിലവാക്കുന്നത് 22 കോടിയോളം രൂപയാണ്. ബോംബെ ഫെസ്റ്റിവലിന്ന് ജിയോ മാമി ഫെസ്റ്റാണ്, റിലയന്‍സ് മേള നടത്തിപ്പിനായി നല്‍കുന്നത് 18 കോടിയോളം രൂപ. ഇവിടെയാണ് വെറും ആറ് കോടിമാത്രം മുടക്കി, കേരളം അവിസ്മരണീയ അനുഭവമൊരുക്കി നല്‍കുന്നത് എന്നതാണ് രാജ്യത്തെ അമ്പരപ്പിക്കുന്ന കാര്യം. കാണികളും സ്‌ക്രീനുമെല്ലാം നമ്മുടെ ഫെസ്റ്റിവലിനാണ് മറ്റാരേക്കാളും കൂടുതല്‍. ഗോവയില്‍ 7 സ്‌ക്രീനുണ്ടാകുമ്പോള്‍ 14ഓളം സ്‌ക്രീനുകളിലാണ് നമ്മുടെ ഫെസ്റ്റിവല്‍ നടക്കുന്നത്. കാണികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയുമാണ്.

ആരാണ് ഡെലിഗേറ്റുകള്‍

ആരാണ് നമ്മുടെ മേളയുടെ കാണികള്‍. അവര്‍ വലിയ സിനിമാ പണ്ഢിതരും വിമര്‍ശകരും നിര്‍മ്മാതാക്കളും കവികളും സാഹിത്യനായകരും മാത്രമല്ല. ഇവിടെ വിദ്യാര്‍ത്ഥികളും ചുമട്ടുജോലിക്കാരുമുള്‍പ്പെടെ ഈ ലോകത്തിന്റെ ഭാഗമാകുന്നു. സിനിമാ നിര്‍മ്മാണമേഖലയുമായി നേരിട്ട് ബന്ധപ്പെടാത്തവരാണ് ഭൂരിപക്ഷം പ്രതിനിധികളും. കലങ്ങളും കലാപങ്ങളുമുണ്ടാകുമിവിടെ. അതിലൂടെ ജീവിതത്തെ പുതുക്കിപ്പണിയാനാണ് അവരോരോരുത്തരും എല്ലാവര്‍ഷവും ഇവിടേക്ക് വന്നെത്തുന്നത്. കേരളത്തിലെ നമ്മുടെ മാധ്യമങ്ങളും ആ രീതിയിലുള്ള പരിഗണനയാണ് ഈ ഉത്സവത്തിന് നല്‍കുന്നത്. പത്രങ്ങളും മാസികകളുമെല്ലാം പ്രത്യേക പതിപ്പുകള്‍ തന്നെ പുറത്തിറക്കുന്നു. ഓണം കഴിഞ്ഞാല്‍ ഇത്തരത്തില്‍ മാധ്യമങ്ങള്‍ പ്രത്യേക പതിപ്പുകളിറക്കുന്ന അപൂര്‍വം ഉത്സവങ്ങളിലൊന്നായി ചലച്ചിത്രോത്സവം മാറിക്കഴിഞ്ഞു

ഓപ്പണ്‍ ഫോറങ്ങള്‍, അഥവാ ജനാധിപത്യത്തിന്റെ പുതുവിടം
ഇന്ത്യയിലാദ്യമായി ചലച്ചിത്രോത്സവങ്ങളില്‍ ഓപ്പണ്‍ ഫോറങ്ങളെന്ന ആശയം സൃഷ്ടിക്കപ്പെടുന്നത് കേരളത്തിലാണ്. 1952ലാരംഭിച്ച ഐഎഫ്എഫ്‌ഐ 1988ല്‍ കേരളത്തിലെത്തി. ഫിലിമോത്സവം എന്നായിരുന്നു അന്ന് ഡല്‍ഹിക്ക് പുറത്തുനടക്കുന്ന ഫെസ്റ്റിവലുകള്‍ക്ക് പേര്. ആ ഫിലിമോത്സവത്തിലാണ് ആദ്യമായി ഓപ്പണ്‍ ഫോറങ്ങളാരംഭിക്കുന്നത്. അന്ന് അതിന് മുന്‍ നിരയിലുണ്ടായിരുന്നത് സംവിധായകന്‍ അരവിന്ദനെപ്പോലെയുള്ള പ്രതിഭകളായിരുന്നു. ഇത് വ്യാപകമായി സ്വീകരിക്കപ്പെട്ടു. പിന്നീട് കേരള ചലച്ചിത്രോത്സവത്തില്‍ ഇത് സജീവമായി. അങ്ങനെ പതിയെ ഇത് ഗോവയിലും എത്തിയിരുന്നു. സിനിമയില്‍ ജനാധിപത്യത്തിന്റെ പുതിയ ഇടമൊരുക്കുകയായിരുന്നു ഓപ്പണ്‍ ഫോറങ്ങള്‍.

മറക്കാനാകാത്ത പടിക്കെട്ടുകള്‍

സര്‍ഗാത്മകതയുടെ പുത്തനിടം തന്നെയാണ് എന്നും ചലച്ചിത്രോത്സവം. കൈരളീ തിയറ്ററിന്റെ പടവുകള്‍ക്ക് കാലങ്ങളോട് ഒരുപാട് കഥകള്‍ പങ്കുവെക്കാനുണ്ട്. അവിടെ അയ്യപ്പന്റെ കവിതയുണ്ട്, പ്രണയമുണ്ട്, ലഹരിയുണ്ട്, വേദനയും പങ്കുവെക്കലുമെല്ലാമുണ്ട്. മാന്യതയില്ലായ്മയെന്ന് വരേണ്യര്‍ക്ക് വിളിക്കാവുന്ന പുതിയ സര്‍ഗാത്മകതയാണ് അവിടെ പിറവിയെടുക്കുന്നത്. പത്ത് വര്‍ഷം മുന്‍പ് ആണും പെണ്ണും കൈപിടിച്ച് നടന്നെന്നുള്‍പ്പെടെയുള്ള ഒളിഞ്ഞുനോട്ട റിപ്പോര്‍ട്ടിംഗുകള്‍ ചില മാധ്യമങ്ങള്‍ നടത്തിയെങ്കിലും അവര്‍ക്കും പിന്‍തിരിയേണ്ടിവന്നു. ഭിന്നലിംഗക്കാരെക്കുറിച്ചും, ഹോമോ സെക്ഷ്വാലിറ്റിയെക്കുറിച്ചുമെല്ലാമുള്ള സമൂഹത്തിന്റെ ചീഞ്ഞചിന്തകളെ എത്രയോ വര്‍ഷം മുന്‍പ് പടികടത്തിവിട്ടവരാണ് പ്രബുദ്ധരായ ഇവിടുത്തെ ഡെലിഗേറ്റുകള്‍. കാലത്തിന് മുന്‍പേ സര്‍ഗാത്മകതയുടെയും പുരോഗമനചിന്തയുടെയും ദീപനാളം തെളിച്ച് നടന്നവരാണിവിടെ എത്തിച്ചേരുന്നത്. കൈരളിയില്‍ നിന്ന് ടാഗോറിലേക്ക് പ്രധാനവേദി മാറ്റിയെങ്കിലും ഇന്നും ആ കല്‍പടവുകള്‍ക്ക് പങ്കുവെക്കാനുണ്ട് ഒരുപാട് പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്റെയും കൈയ്യൊപ്പുകള്‍.

മലയാളസിനിമയ്ക്ക് മേളയുടെ സംഭാവന
മലയാള സിനിമയ്ക്ക് യഥാര്‍ത്ഥ ന്യൂജനറേഷന്‍ സിനിമയെന്തെന്ന് കാട്ടിക്കൊടുത്തത് ചലച്ചിത്രോത്സവത്തിന്റെ സംഭാവനകളായ ഒരുപിടി സംവിധാ.കന്മാരായിരുന്നു. ഷെറി, സുദേവന്‍, സനല്‍കുമാര്‍ ശശിധരന്‍, സജീന്‍ ബാബു, കെ ആര്‍ മനോജ്, ഹര്‍ഷദ്, ഷാനവാസ് കെ ബാപ്പുക്കുട്ടി, ഡോ ബിജു, വിധു വിന്‍സന്റ്, ജയന്‍ ചെറിയാന്‍ തുടങ്ങി അങ്ങോട്ട് നീളുന്നു ഈ നിര. അടൂരിനും, ടിവി ചന്ദ്രനുമെല്ലാം ശേഷമാരെന്ന ചോദ്യത്തിന് മലയാളി ഉത്തരം കണ്ടെത്തിയത് തീര്‍ച്ചയായും നമ്മുടെ ഈ ഉത്സവത്തില്‍ നിന്ന് തന്നെയാണെന്നതില്‍ സംശയമില്ല. സമാന്തരസിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള കെഎസ്എഫ്‌സിഡിസിയുടെ തീരുമാനവും പ്രത്യാശയുണ്ടാക്കുന്നത് തന്നെ. സ്ത്രീകളുടെ ഒരു വലിയ സാന്നിധ്യവുമുണ്ട് നമ്മുടെ മേളയില്‍. ഇക്കുറി വിധു വിന്‍സന്റ് മത്സരവിഭാഗത്തിലെ സിനിമയുമായി എത്തുന്നതും നമുക്ക് ആവേശം പകരുമെന്നതില്‍ തര്‍ക്കമില്ല.

ഇനി എല്ലാ കണ്ണുകളും ചലച്ചിത്രോത്സവവേദികളിലേക്ക്

(ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ സിനിമാനിരൂപകനാണ് ലേഖകന്‍,നിലവില്‍ കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയംഗമായി പ്രവര്‍ത്തിക്കുന്നു )

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top