2020-ലെ ദുബായ് വേള്‍ഡ് എക്സ്പോയില്‍ ബ്രിട്ടന്‍ പങ്കെടുക്കും

Representational Image

ദുബായിയില്‍ 2020-ല്‍ നടക്കുന്ന വേള്‍ഡ് എക്സ്പോയില്‍ ബ്രിട്ടന്‍ പങ്കെടുക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന് ഇത് സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ദുബായിയില്‍ നടക്കുന്ന വേള്‍ഡ് എക്സ്പോ വന്‍വാണിജ്യ സാധ്യതകളാണ് തുറന്നിടുന്നതെന്ന് തെരേസ മെയ് വ്യക്തമാക്കി.

ബഹ്റൈനില്‍ നടക്കുന്ന 37-ആമത് ഗള്‍ഫ് ഉച്ചകോടിയോടനുബന്ധിച്ചാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തമും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും കൂടിക്കാഴ്ച നടത്തിയത്. 2020-ല്‍ ദുബായിയില്‍ നടക്കുന്ന വേള്‍ഡ് എക്സ്പോയില്‍ ബ്രിട്ടന്‍ സജീവമായി പങ്കെടുക്കും എന്ന് കൂടിക്കാഴ്ച്ചയില്‍ തെരേസ മെയ് ഉറപ്പ് നല്‍കി. 180-ഓളം രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന എക്സ്പോ വന്‍ സാധ്യതകളാണ് തുറന്നിടുന്നത്. വ്യവസായ പ്രമുഖരും നിരവധി നിക്ഷേപകരും പങ്കെടുക്കുന്ന എക്സ്പോയില്‍ രണ്ടരക്കോടിയിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. 1851 മുതല്‍ എക്സ്പോകളില്‍ പങ്കെടുത്തു തുടങ്ങിയ രാഷ്ട്രമാണ് ബ്രിട്ടന്‍ എന്നും തെരേസ മെയ് വ്യക്തമാക്കി.

ഗള്‍ഫ് മേഖല ആദ്യമായി ആതിഥ്യം വഹിക്കുന്ന വേള്‍ഡ് എക്സ്പോയുട നടത്തിപ്പ് സ്വന്തമാക്കുന്നതില്‍ ബ്രിട്ടന്‍ യുഎഇയിക്ക് വലിയ പിന്തുണ നല്‍കിയിരുന്നു.2020-ഒക്ടോബര്‍ ഇരുപത് മുതല്‍ ഏപ്രില്‍ പത്തുവരെയാണ് എക്സ്പോ നടക്കുക. ജബല്‍ അലിയില്‍ നിര്‍മ്മിക്കുന്ന എക്സ്പോ വേദിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

DONT MISS
Top