ഫസല്‍ വധക്കേസില്‍ പുനരന്വേഷണം വേണ്ടെന്ന് പോപ്പുലര്‍ഫ്രണ്ട് കണ്ണൂര്‍ ജില്ലാ നേതൃത്വം

പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബഷീര്‍

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ പുനരന്വേഷണം വേണ്ടെന്ന് പോപ്പുലര്‍ഫ്രണ്ട് കണ്ണൂര്‍ ജില്ലാ നേതൃത്വം. കേസില്‍ പ്രതികളായ നേതാക്കളെ രക്ഷിക്കാനുള്ള സിപിഐഎം ശ്രമത്തിന്റെ ഭാഗമായാണ് പുതിയ സംഭവവികാസങ്ങളെന്ന നിലപാടിലാണ് പോപ്പുലര്‍ ഫ്രണ്ട്. സിബിഐ അന്വേഷണം തൃപ്തികരമാണെന്ന് ജില്ലാ പ്രസിഡന്റ് ബഷീര്‍ പറഞ്ഞു.

ഫസല്‍ വധക്കേസില്‍ കുറ്റസമ്മതം നടത്തിയ സുബീഷിന്റെ മൊഴി വിശ്വാസത്തില്‍ എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പോപ്പുലര്‍ഫ്രണ്ട് നേതൃത്വം. സിപിഐഎമ്മിന്റെ രാഷ്ട്രീയ ഇടപെടലാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍. മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ തള്ളിക്കളയാനാകില്ല. സുബീഷിന്റെ മൊഴി ആധികാരികമല്ലെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും ജില്ലാ പ്രസിഡന്റ് ബഷീര്‍ പറഞ്ഞു.

പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരായ തടവുകാരെ കാണാന്‍ നേതാക്കള്‍ ജയിലില്‍ പോകാറുണ്ട്. സുബീഷിനെ സന്ദര്‍ശിച്ചു എന്നാരോപിക്കുന്നവര്‍ അതിന്റെ തെളിവുകള്‍ കൂടി പുറത്തുവിടണമെന്നാണ് പോപ്പുലര്‍ഫ്രണ്ട് നിലപാട്. ഫസല്‍വധക്കേസില്‍ സിബിഐ അന്വേഷണം തൃപ്തികരമാണെന്നും പുനരന്വേഷണം വേണ്ടെന്നും നേരത്തെ ആര്‍എസ്എസ് നേതൃത്വം നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സമാന നിലപാടുമായി പോപ്പുലര്‍ഫ്രണ്ടും രംഗത്തെത്തിയിരിക്കുന്നത്.

DONT MISS
Top